പറവൂരില്‍ അനധികൃത കൈയേറ്റം പെരുകുന്നു; നോക്കുകുത്തികളായി അധികൃതര്‍
പറവൂര്‍: നഗരത്തില്‍ കൈയേറ്റങ്ങള്‍ വ്യാപകമാകുന്നതായി ശ്രദ്ധയില്‍ വന്നിട്ടും അധികൃതര്‍ മൗനം പാലിക്കുന്നുവെന്ന് ആക്ഷേപം. നഗരത്തിലെ റോഡരികില്‍ കൈയേറിയുള്ള കച്ചവടം പൊടിപൊടിക്കുകയാണ്. അനധികൃത കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളും കുറവല്ല. കൈയേറ്റങ്ങള്‍ തടയുമെന്നും വഴിയോരക്കച്ചവടങ്ങള്‍ ഒഴിപ്പിക്കുമെന്നും നഗരസഭാ ഭരണാധികാരികള്‍ വാഗ്ദാനം നല്‍കിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.
കച്ചേരിപ്പടിയിലെ പ്രധാന നടപ്പാത വഴിയോര വാണിഭക്കാര്‍ കൈയേറി വച്ചിരിക്കയാണ്. മെയിന്‍ പോസ്റ്റ് ഓഫിസിനു മുന്‍പില്‍ റോഡരികില്‍ ഉന്തുവണ്ടികള്‍ കയറ്റിയിട്ട് പച്ചക്കറി വില്‍പനയുണ്ട്. മറ്റൊരുഭാഗത്തു ഫുട്പാത്തിനോടു ചേര്‍ന്നു പ്ലാസ്റ്റിക് ഷീറ്റു വലിച്ചുകെട്ടി കടകള്‍ കെട്ടിയുണ്ടാക്കിയിരിക്കുകയാണ്.
വഴിയോരങ്ങള്‍ കൈയേറിയുള്ള കച്ചവടങ്ങള്‍ നഗരത്തിലെത്തുന്ന യാത്രക്കാരെ വളരെയേറെ ബുദ്ധിമുട്ടിലാക്കുന്നു. നടന്നുപോകാന്‍ തന്നെ പ്രയാസപ്പെടുന്ന അവസ്ഥയാണ്. വീതികുറഞ്ഞ റോഡരികിലെ വഴിയോരകച്ചവടം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയേക്കും. അനധികൃത കൈയേറ്റങ്ങളും കച്ചവടങ്ങളും ഒഴിപ്പിക്കണമെന്നു വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും ഏറെനാളായി ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
വഴിയോര കച്ചവടക്കാരെ ബസ് സ്റ്റാന്‍ഡിനു പുറകിലും ടി.ബി റോഡിനു സമീപത്തായും പുനരധിവസിപ്പിക്കാന്‍ ആവിഷ്‌കരിച്ച പദ്ധതികളെല്ലാം കടലാസിലൊതുങ്ങിയെന്നാണ് ആക്ഷേപം. അനധികൃത കെട്ടിടനിര്‍മാണം വിവിധ സ്ഥലങ്ങളിലുണ്ട്.
പെരുമ്പടന്നയില്‍ നഗരസഭയുടെ മാര്‍ക്കറ്റിനു സമീപം സ്വകാര്യവ്യക്തി അനുവദിനീയമായതില്‍ കൂടുതല്‍ ഉയര്‍ത്തി കെട്ടിടം പണിതാണ് അടുത്തിടെ ഉയര്‍ന്ന പ്രധാന ആക്ഷേപം. രണ്ടു നില കെട്ടിടത്തിനാണു നഗരസഭ അനുമതി നല്‍കിയത്.
എന്നാല്‍ മൂന്നാം നില പണിതതിനെത്തുടര്‍ന്നു പരാതിയെ തുടര്‍ന്ന് പലതവണ സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും പണികള്‍ നിര്‍ബാധം തുടരുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനത്തിനെതിരെ ജനകീയസമിതി രൂപീകരിച്ചു തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിക്കു പരാതി നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."