സ്വകാര്യ വ്യക്തികള്‍ കൈവശംവച്ച പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാന്‍ നടപടി തുടങ്ങി
കാക്കനാട്: ഇന്‍ഫൊപാര്‍ക്ക്, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളില്‍ ആറ് ഭൂവുടമകള്‍ വര്‍ഷങ്ങളായി കൈവശപ്പെടുത്തിയ കോടികള്‍ വിലമതിക്കുന്ന രണ്ടേമുക്കാല്‍ ഏക്കര്‍ റവന്യൂ ഭൂമി ഏറ്റെടുക്കാന്‍ കാക്കനാട് വില്ലേജില്‍ നടപടി തുടങ്ങി. ഇന്‍ഫൊപാര്‍ക്കിന് സമീപം ഒരേക്കര്‍, സീപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിന് സമീപം ഒന്നേകാല്‍ ഏക്കര്‍, കാക്കനാട് അത്താണിക്ക് സമീപം 50 സെന്റ് എന്നീ സ്ഥലങ്ങള്‍ ഏറ്റെടുക്കാനാണ് റവന്യു അധികൃതര്‍ നോട്ടീസ് നല്‍കിയത്.
ആറ് ഭൂവുടമകളുടെ കൈകവശം 50 കോടി വിലമതിക്കുന്ന റവന്യു പുറമ്പോക്കാണ് കൈവശ പ്പെടുത്തിയിട്ടുള്ളതെന്ന് വില്ലേജ് ഓഫിസര്‍ പി.പി ഉദയകുമാര്‍ പറഞ്ഞു. സീപോര്‍ട്ട് റോഡിന് സമീപം മൂന്ന് ഭൂവുടമകളും അത്താണിയില്‍ രണ്ട് പേരും ഇന്‍ഫൊപാര്‍ക്കില്‍ ഒരാളുമാണ് സര്‍ക്കാര്‍ സ്ഥലം കൈവശപ്പെടുത്തിയിട്ടുള്ളത്. ഇന്‍ഫൊപാര്‍ക്ക്, സീപോര്‍ട്ട് റോഡ് എന്നിവടങ്ങളില്‍ രണ്ടേകാല്‍ ഏക്കര്‍ റവന്യു പുറമ്പോക്ക് വ്യക്തികളുടെ കൈവശമുണ്ടെന്ന് നേരത്തെ റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു.
പരാതിയുടെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റവന്യു പുറമ്പോക്കുകള്‍ കണ്ടെത്തിയത്. വിശദീകരണം ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് മറുപടി തൃപ്തികരമല്ലെങ്കില്‍ റവന്യു ഭൂമി പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സിവില്‍ സ്റ്റേഷന് സമീപവും വ്യക്തികള്‍ കൈവശപ്പെടുത്തിയത് ഉള്‍പ്പെടെ തിരിച്ചെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോടികള്‍ വിപണിമൂല്യമുള്ള സിവില്‍ സ്റ്റേഷന്‍ പരിസരം ഉള്‍പ്പെടുന്ന കാക്കനാട് വില്ലേജ് പരിധിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിച്ച് ഭൂമി പിടിച്ചെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് റവന്യു അധികൃതര്‍ കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."