ചങ്കൂറ്റം
#വത്സലന്‍ കല്ലായി
ചുറ്റും
ഭക്തരില്ലെങ്കില്‍
ഒരു വെളിച്ചപ്പാടും
തീയില്‍ ചാടി
തലവെട്ടിക്കീറില്ല.
അനുചരന്മാര്‍
ചുറ്റിലുമില്ലെങ്കില്‍
ഒരു നേതാവും
മരണംവരെ
ഉപവസിക്കില്ല.
വേട്ടക്കാരെ നേരിടാന്‍
ചങ്കൂറ്റമുള്ളവര്‍
മരണത്തെയോ
ആള്‍ക്കൂട്ടത്തെയോ
ഗൗനിക്കാറില്ല!
തിരിച്ചുവരുന്നവര്‍
#സുഹ്‌റ പടിപ്പുര
കല്ലറകളില്‍ അടക്കംചെയ്യപ്പെട്ട
ചില മോഹങ്ങള്‍
അസ്വസ്ഥരായി നടക്കാനിറങ്ങുന്നതാണ്,
നക്ഷത്രങ്ങള്‍ ചൂട്ടുപിടിക്കാറുള്ള
രാത്രികളില്‍
നിങ്ങള്‍ കാണാറുള്ള നിഴലനക്കങ്ങള്‍..
തലയോട്ടിയില്ലാതെ
ഇറങ്ങിവരുന്നവനോട്
'ഇത്രപെട്ടെന്ന് നീ ഇവിടെ
എങ്ങനെയെത്തി' എന്ന്
ചോദിക്കേണ്ടതില്ലല്ലോ...
കൈകോര്‍ത്തുപിടിച്ച്
നടക്കാനിറങ്ങിയവര്‍,
ആരുടെയോ മിഴികളില്‍
ഒരൊറ്റ നിമിഷത്തേക്ക്
തളംകെട്ടിയ ഉറക്കത്തിന്റെ
ബാക്കിപത്രമാകാമെന്നും
ഊഹിക്കാവുന്നതേയുള്ളൂ..
കൈയില്‍ മിഠായിപ്പൊതിയുമായി
ഇറങ്ങിപ്പോയവര്‍
റോഡരികില്‍ നാട്ടിവച്ച
പലജാതി കൊടികള്‍ കണ്ടുപേടിച്ച്
ഇറങ്ങിപ്പോയതിനെക്കാള്‍
വേഗത്തില്‍ തിരിച്ചുവന്നിരിക്കുന്നു...
അലറിക്കരഞ്ഞ്
ഓരോ കുഴിമാടത്തിലും
അന്വേഷിച്ചുനടക്കുന്നത്;
അവളുടെ വീട്ടുകാര്‍
വെട്ടിക്കൊന്നപ്പോള്‍,
നെഞ്ചുപൊട്ടി മരിച്ചുകാണുമെന്ന്
(അവന്‍) കരുതുന്ന കാമുകിയെയല്ലാതെ
മറ്റാരെയായിരിക്കും?
അരി വേവേറിക്കാണുമെന്ന്
സന്ദേഹിച്ച്
വാണം വിട്ടപോലെ
ഇറങ്ങിപ്പോയവള്‍,
നിരാശയോടെ തിരിച്ചുവന്ന്
ഏങ്ങലടിക്കുന്നത്,
അടുക്കളയില്‍ പകരക്കാരിയെ
കണ്ടതുകൊണ്ടത്രേ..
ഇത്രയൊക്കെയായിട്ടും;
കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞുങ്ങള്‍
ഇതുവരെയും പുറത്തിറങ്ങാത്തത്
എന്തുകൊണ്ടായിരിക്കുമെന്ന്
നിങ്ങള്‍ അന്വേഷിച്ചതേയില്ലല്ലോ..!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."