കണ്ഠമംഗലം സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം
ചേര്‍ത്തല: അഴിമതിയും ഗുരുതര സാമ്പത്തിക ക്രമക്കേടും കണ്ടെത്തിയ ശ്രീകണ്ഠമംഗലം സഹകരണബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി.
കോണ്‍ഗ്രസ് നയിക്കുന്ന ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും അയോഗ്യത കല്‍പിച്ച സാഹചര്യത്തിലാണ് ജോയിന്റ് രജിസ്ട്രാറുടെ നടപടി. ജോയിന്റ് രജിസ്ട്രാറുടെ നടപടികള്‍ക്കെതിരെ എത്തിയ ഹര്‍ജികള്‍ ഹൈക്കോടതിതള്ളിയ സാഹചര്യത്തിലാണ് ചൊവ്വാഴ്ചത്തെ ഉത്തരവുകള്‍. ചട്ടവിരുദ്ധമായി ഭരണസമിതി നടത്തിയ ഭൂമിയിടപാടില്‍ ബാങ്കിന് 14.40 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി സഹകരണവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഈ തുകയത്രയും ഭരണസമിതിയിലെ ഏഴംഗങ്ങളില്‍നിന്ന് ഈടാക്കുന്നതിന് ജോയിന്റ് രജിസ്ട്രാര്‍ ജൂണ്‍ മൂന്നിന് സര്‍ചാര്‍ജ് ഉത്തരവിട്ടു.
ഇതിനെതിരെ ബാങ്ക് പ്രസിഡന്റായ ആര്‍ ശശിധരന്‍ ഉള്‍പ്പെടെ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹര്‍ജി കോടതി തള്ളി. ഈ സാഹചര്യത്തിലാണ് സര്‍ചാര്‍ജ് ബാധകമായ ഏഴംഗങ്ങളെ അയോഗ്യരാക്കി ജോയിന്റ് രജിസ്ട്രാര്‍ ചൊവ്വാഴ്ച ഉത്തരവിട്ടത്. ഭൂരിപക്ഷം അംഗങ്ങളും അയോഗ്യരായതോടെ ഭരണസമിതിക്ക് ക്വാറം ഇല്ലാതായി. തന്മൂലം ഭരണപ്രതിസന്ധി ഉണ്ടാകാതിരിക്കുവാനാണ് അഡ്മിനിസ്‌ട്രേറ്ററെ ഭരണച്ചുമതല ഏല്‍പിക്കുന്നതെന്ന് ചൊവ്വാഴ്ച തന്നെ പുറത്തിറങ്ങിയ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. ചേര്‍ത്തല അസി. രജിസ്ട്രാര്‍ ഓഫീസിലെ മുഹമ്മ യൂണിറ്റ് ഇന്‍സ്‌പെക്ടറെയാണ് അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചത്.
ഭൂമിയിടപാടിലെ അന്വേഷണവും നടപടിയും നടക്കുന്നതിനിടെ ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അതിനിടെ നടപടികളില്‍നിന്ന് രക്ഷനേടാന്‍ ഭരണസിതിയുടെ കാലാവധി അവസാനിക്കുന്നതിന് ഏറെമുമ്പ് തെരഞ്ഞെടുപ്പ് തീരുമാനിക്കുകയും വീണ്ടും കോണ്‍ഗ്രസ് ഭരണസമിതി അധികാരത്തിലെത്തുകയും ചെയ്തു.
പഴയ ഭരണ സമിതിയിലെ ഭൂരിപക്ഷംപേരും പുതിയതിലും ഉള്‍പ്പെട്ടു. പിന്നാലെയാണ് സ്വര്‍ണപ്പണയ വായ്പയിലെ ക്രമക്കേട് പുറത്തുവന്നത്. അതിലെ അന്വേഷണറിപ്പോര്‍ട്ട് പരിഗണിച്ച് ഭരണസമിതിയെ സസ്‌പെന്റ് ചെയ്യുകയും പാര്‍ട്‌ടൈം അഡ്മിനിസ്‌ട്രേറ്ററെ നിയോഗിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."