കോട്ടറകോണത്ത് കാട്ടുപന്നികളുടെ ശല്യം; നാട്ടുകാര്‍ ഭീതിയില്‍
കല്ലമ്പലം: കോട്ടറകോണത്തും പരിസരപ്രദേശങ്ങളിലും കൂട്ടത്തോടെയും ഒറ്റയ്ക്കും ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന കാട്ടുപന്നികള്‍ നാട്ടുകാരില്‍ ഭീതി പരത്തുന്നു. പ്രഭാത സവാരിക്കാരേയും സ്‌കൂളിലും മദ്‌റസയിലും പോകുന്ന കൊച്ചു കുട്ടികളെയും പന്നികള്‍ ആക്രമിക്കുമോയെന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന കോട്ടറകൊണം ശ്യാം നിവാസില്‍ ബാബു (60) വിന്റെ മുന്നിലേക്ക് റബര്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഒരു പന്നിയെടുത്തു ചാടുകയായിരുന്നു. നിയന്ത്രണം തെറ്റി ബാബു വീണെങ്കിലും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഒന്നരമാസത്തിനു മുമ്പ് ഇതിനടുത്തുവച്ചാണ് പുലര്‍ച്ചെ മൂന്നിന് കൂട്ടത്തോടെയെത്തിയ പന്നികള്‍ പത്ര ഏജന്റ് സുനില്‍ കുമാറിനെ ആക്രമിക്കാനൊരുങ്ങിയത്. മരത്തില്‍ കയറി സുനില്‍ കുമാര്‍ അന്ന് രക്ഷപ്പെടുകയായിരുന്നു.
പന്നികള്‍ പ്രദേശത്തെ കൃഷികളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. പുലര്‍ച്ചെ റബര്‍ വെട്ടാന്‍ പോകുന്നവരും പന്നി ആക്രമിക്കുമോയെന്ന ഭീതിയിലാണ്. പ്രളയത്തിനുശേഷമാണ് പ്രദേശത്ത് നാട്ടുകാര്‍ പന്നികളെ കാണാന്‍ തുടങ്ങിയത്. പകല്‍ സമയങ്ങളില്‍ കുറ്റിക്കാട്ടിലും മറ്റും ഒളിക്കുന്ന പന്നികള്‍ രാത്രിയില്‍ മാത്രമാണ് കൂടുതലായും പുറത്തിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."