ആധാര്‍ തിരുത്തല്‍ ദുരിതമാകുന്നു; ജനങ്ങളെ കൊള്ളയടിച്ച് അക്ഷയ കേന്ദ്രങ്ങള്‍
തുറവൂര്‍: ആധാര്‍-പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍ ജനങ്ങള്‍ക്ക് ദുരിതമാകുന്നു. രണ്ടു കാര്‍ഡുകളിലെയും പേരില്‍ വരുന്ന മാറ്റങ്ങളാണ് ബന്ധിപ്പിക്കല്‍ പ്രക്രിയയ്ക്ക് തടസമാവുന്നത്.
ചില കാര്‍ഡുകളില്‍ പേരിനൊപ്പം ഇനിഷ്യലുകള്‍ ചേര്‍ക്കാതെയും മറ്റ് ചിലതില്‍ ഇനിഷ്യലുകള്‍ ചേര്‍ത്തും കാര്‍ഡുകള്‍ വിതരണം ചെയ്തതിനാല്‍ കംപ്യൂട്ടര്‍വഴി ബന്ധിപ്പിക്കല്‍ ദുര്‍ഘടമാവുകയാണ്.
അക്ഷയകേന്ദ്രങ്ങളില്‍ തിരുത്തുന്നതിനായി എത്തുന്ന നിരവധി ഉപഭോക്താക്കള്‍ എന്തുചെയ്യണമെന്നാറിയാതെ ആശങ്കയിലാണ്. ഈ അവസരം മുതലാക്കി അക്ഷയകേന്ദ്രങ്ങള്‍ പൊതുജനങ്ങളില്‍ നിശ്ചിത നിരക്കിനു പകരം അമിത കൂലിയാണ് ഈടാക്കുന്നത്.
മണിക്കൂറുകള്‍ കാത്തുനിന്നാലും പ്രശ്‌നത്തിന് പരിഹാരമാവാതെ തിരികെ പേവേണ്ട ഗതികേടാണുള്ളത്. ഇത് ഏറ്റവും കൂടുതല്‍ പ്രായമായ ആളുകളെയാണ് ദുരിതത്തിലാക്കുന്നത്. ഇവര്‍ക്ക് ഇരിക്കാനുള്ള സൗകര്യംപോലും പല അക്ഷയകേന്ദ്രങ്ങളിലുമില്ല.
ഓഫിസില്‍ ആദ്യം എത്തുന്നവരെ പരിഗണിക്കാതെ കേന്ദ്രം നടത്തിപ്പുകാരുടെ പരിചയക്കാരെ വിളിക്കുന്നതും പ്രശ്‌നത്തിനു കാരണമാവുന്നു. ജില്ലയിലെ മിക്ക കേന്ദ്രങ്ങളിലും പൊതുജനങ്ങളില്‍നിന്നും അമിത കൂലി ഈടാക്കി കൊള്ള തുടരുകയാണ്. പാന്‍ കാര്‍ഡുമായി അധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ വഴി ശ്രമം നടത്തിയപ്പോഴാണ് ആധാറിലെ തെറ്റുകള്‍ പലര്‍ക്കും മനസിലായത്.
തെറ്റുകള്‍ തിരുത്തിയ ആധാര്‍ കാര്‍ഡുകളുമായി മാത്രമേ പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍ കഴിയുകയുള്ളു. ഇതിന് പല അക്ഷയ കേന്ദ്രങ്ങളിലും എത്തിയപ്പോഴാണ് ആധാര്‍ തിരുത്താനുള്ള കൂടുതല്‍ സംവിധാനങ്ങളില്ലെന്ന് അറിയുന്നത്. ഈ മാസം 30 ന് മുമ്പ് ആധാര്‍ - പാന്‍ കാര്‍ഡ് ലിങ്കിങ് പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അറിയിപ്പ്. എന്നാല്‍ ഇതിന് സംവിധാനങ്ങള്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്താതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ജനകീയാവശ്യം പരിഗണിച്ച് ആധാര്‍ കാര്‍ഡ്- പാന്‍ കാര്‍ഡ് ലിങ്കിങ് സമയപരിധി നീട്ടി നല്‍കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."