വാവരുടെ കുടുംബാംഗങ്ങള്‍ അമ്പലപ്പുഴയില്‍ അന്നദാനം നടത്തി
അമ്പലപ്പുഴ: മതമൈത്രിയുടെ സന്ദേശമുയര്‍ത്തി വാവരുടെ കുടുംബാംഗങ്ങള്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അന്നദാനം നടത്തി. മണ്ഡല മകരവിളക്കിന്റെ എട്ടാം ദിവസമായ ഇന്നലെയാണ് അഞ്ചംഗ സംഘം ക്ഷേത്രത്തിലെത്തിയത്. കഴിഞ്ഞ എട്ടു വര്‍ഷമായി ഈ കുടുംബാംഗങ്ങള്‍ ക്ഷേത്രത്തിലെത്തി മുടങ്ങാതെ അന്നദാനം നടത്തുന്നുണ്ട്.
എരുമേലിയില്‍ നടക്കുന്ന പേട്ടതുള്ളലില്‍ വാവരെ പ്രതിനിധീകരിച്ച് ഒരാള്‍ പങ്കെടുക്കാറുണ്ട്. മുന്‍ കാലങ്ങളില്‍ ഹസന് റാവുത്തായിരുന്നു ഇതില്‍ പങ്കെടുത്തിരുന്നത്. ഇദ്ദേഹത്തിന്റെ പിന്തലമുറക്കാരാണ് അയ്യപ്പന്റെ മാതൃ സ്ഥാനീയരായ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തി അന്നദാനം നടത്തിയത്.
മുതിര്‍ന്ന കുടുംബാംഗം ഷംസുദ്ദീന് ടി.എച്ച് അന്നദാനത്തിന്റെ ഭദ്രദീപപ്രകാശന കര്‍മം നിര്‍വഹിച്ചു. ടി.എച്ച് ആസാദ്, ഇസ്മായില്‍ ഹസന്, എരുമേലി ജമാ അത്ത് ജോയിന്റ് സെക്രട്ടറി ഹക്കീം മാടത്താനി, ഹബീബ് മുഹമ്മദ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സമൂഹപ്പെരിയോന് കളത്തില്‍ ചന്ദ്രശേഖരന് നായര്‍, അമ്പലപ്പുഴ അയ്യപ്പ ഭക്ത സംഘം പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണ പിള്ള, സെക്രട്ടറി മാധവന്‍കുട്ടി, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംഘത്തെ സ്വീകരിച്ചു. എരുമേലി ജമാഅത്തിന്റെ അന്നദാനം ഡിസംബര്‍ 2ന് ക്ഷേത്രത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."