കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 11,000 ശാസ്ത്രജ്ഞര്‍
ന്യൂയോര്‍ക്ക്: മനുഷ്യരുടെ ജീവിതരീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ പറയാനാവാത്ത ദുരിതങ്ങള്‍ ഉണ്ടാവുമെന്നും ഇത് നേരിടാനായി കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായും 11,258 ശാസ്ത്രജ്ഞര്‍. മനുഷ്യകുലത്തെ ബാധിക്കുന്ന കൊടിയ ഭീഷണിയെ കുറിച്ച് മുന്നറിയിപ്പു നല്‍കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ധാര്‍മികമായ ഉത്തരവാദിത്വമുണ്ടെന്നും 153 രാജ്യങ്ങളിലെ ശാസ്ത്രകാരന്മാര്‍ ഒപ്പുവച്ച പത്രത്തില്‍ പറയുന്നു. ബയോസയന്‍സ് മാസികയാണ് ഇത് പ്രസിദ്ധീകരിച്ചത്.
സുസ്ഥിരമായ ഭാവിക്കായി നമ്മുടെ ജീവിതരീതി മാറ്റേണ്ടത് അനിവാര്യമാണെന്നു പറഞ്ഞ ശാസ്ത്രജ്ഞന്മാര്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ ആറു കാര്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 1. ഫോസില്‍ ഇന്ധനങ്ങള്‍ക്കു പകരം പുനരുപയോഗ കാര്‍ബണ്‍ ഉപയോഗിക്കുക 2. മീഥെയിന്‍ പോലുള്ള മലിനീകരണമുണ്ടാക്കുന്ന വസ്തുക്കള്‍ പുറന്തള്ളുന്നത് കുറയ്ക്കുക 3. ഭൂമിയിലെ ആവാസവ്യവസ്ഥ സംരക്ഷിക്കുക 4. മൃഗോല്‍പന്നങ്ങള്‍ പരമാവധി കുറച്ച് സസ്യകേന്ദ്രീകൃത ഭക്ഷണങ്ങള്‍ കഴിക്കുക 5. കാര്‍ബണ്‍ രഹിത സാമ്പത്തിക വ്യവസ്ഥയുണ്ടാക്കുകയും ജനസംഖ്യാ സംതുലിതത്വം ഉറപ്പാക്കുകയും ചെയ്യുക.
കാലാവസ്ഥാ പ്രതിസന്ധി ഗവേഷകര്‍ പ്രതീക്ഷിച്ചതിലും നേരത്തെ രൂപപ്പെടുന്നതായി യു.എസിലെ ഒറിഗണ്‍ സര്‍വകലാശാലയിലെ വില്യം റിപ്പിള്‍, ക്രിസ്റ്റഫര്‍ വോള്‍ഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രകൃതിയുടെ വീണ്ടെടുപ്പ് സാധ്യമാകാതെവന്നാല്‍ അത് ഭൂമിയെ മനുഷ്യന്റെ നിയന്ത്രണത്തിലൊതുങ്ങാത്ത മഹാവിപത്തിലെത്തിക്കും. അതേസമയം പുതിയ തലമുറയിലെ വിദ്യാര്‍ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തുന്ന പ്രചാരണപരിപാടികള്‍ ആശങ്ക ദൂരീകരിക്കാന്‍ ഇടനല്‍കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അടയാളങ്ങള്‍ ഇതിനകം പ്രകടമായിട്ടുണ്ടെങ്കിലും ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കാന്‍ ഇനിയും സമയമുണ്ടെന്ന് റിപ്പോര്‍ട്ട് തയാറാക്കിയവരില്‍ ഒരാളായ തോമസ് ന്യൂസം പറഞ്ഞു. പുനരുപയോഗ ഊര്‍ജസ്രോതസുകള്‍ ഉപയോഗിക്കുക, വ്യോമഗതാഗതം കുറയ്ക്കുക, മാംസഭക്ഷണം കുറയ്ക്കുക എന്നിങ്ങനെ ദൈനംദിന ജീവിതത്തില്‍ ആളുകള്‍ക്ക് വരുത്താവുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ വലിയ ഗുണഫലമുണ്ടാക്കും- അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."