കാലവര്‍ഷക്കെടുതി: കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കണം: റോഷി അഗസ്റ്റിന്‍
കട്ടപ്പന: കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍ ഉണ്ടായ കാഞ്ചിയാര്‍ പഞ്ചായത്തിലെ കിഴക്കേമാട്ടുക്കട്ടയില്‍ കടുപ്പില്‍ റോയിയുടേയും ബെന്നിയുടേയും പുരയിടം റോഷി അഗസ്റ്റിന്‍ എം.എല്‍.എ സന്ദര്‍ശിച്ചു.
ഏകദേശം രണ്ട് ഏക്കറോളം പുരയിടം മണ്ണൊലിച്ച് കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കൃഷിഭൂമിയുടെ നടുവില്‍കൂടി തുടര്‍ച്ചയായ നീരൊഴുക്കും രൂപപ്പെട്ടിട്ടുണ്ട്. കാപ്പിയും ഏലവും വാഴയും കുരുമുളക് ചെടിയും ഉള്‍പ്പെടെയുള്ള കൃഷികളാണ് നശിച്ചത്.
കാര്‍ഷിക ആവശ്യത്തിനായി നിര്‍മ്മിച്ച വലിയ കുളവും മണ്ണിടിഞ്ഞ് ഉപയോഗ ശൂന്യമായി. ഒരു വ്യാഴവട്ടക്കാലം കൈവശ ഭൂമിയില്‍ കഠിനാധ്വാനം ചെയ്ത് വളര്‍ത്തിയെടുത്ത കൃഷി ഒരു ദിവസം കൊണ്ട് നഷ്ടമാകുന്നതോടെ ജീവിതം അനിശ്ചിതാവസ്ഥയിലേക്ക് പോകുന്ന സാഹചര്യമാണ് പലര്‍ക്കുമുള്ളത്.
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കൂടുതല്‍ നാശനഷ്ടങ്ങള്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരിക്കുകയാണ്.
ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് ജില്ലക്ക് പ്രത്യേക പാക്കേജിനു തന്നെ രൂപം നല്‍കണമെന്നും വിവിധ ഇനം വിളകള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കി വരുന്ന തുക നാമമാത്രമാണെന്നും എന്നാല്‍ ഇത് വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
കല്‍ത്തൊട്ടി പള്ളി വികാരി ഫാ.മാത്യു ചേരോലില്‍, ജോര്‍ജ്ജ് ജോസഫ് പടവന്‍, ജോമെറ്റ് ജോസഫ്, ജോമോന്‍ പൊടിപാറ തുടങ്ങിയവര്‍ എം.എല്‍.എ യോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."