എസ്.എന്‍.ഡി.പി യോഗം ജീവനക്കാരെ ആക്രമിച്ച പ്രതികളെ പിടിക്കൂടാത്തതില്‍ പ്രതിഷേധിച്ചു
ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂനിയന്‍ കണ്‍വീനറെയും ജീവനക്കാരെയും ആക്രമിച്ച കേസില്‍ പ്രതികളെ അറസ്റ്റു ചെയ്യാതെ പൊലിസ് ഇരുട്ടില്‍ തപ്പുന്നു. പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്ന് ഭാരവാഹികളുടെ സംയുക്ത യോഗതീരുമാനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂനിയന്‍ ഓഫിസില്‍ കഴിഞ്ഞ ദിവസം ഗുണ്ടകള്‍ അതിക്രമിച്ച് കയറി കണ്‍വീനറെയും സ്ത്രീകള്‍ അടക്കമുള്ള യൂനിയന്‍ ജീവനക്കാരെയും അതിക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ഓഫിസിലുണ്ടായിരുന്ന ഒരു ലക്ഷത്തി എണ്ണായിരം രൂപാ അപഹരിക്കുകയും ഡ്രൈവറെ മര്‍ദിച്ച് യൂനിയന്റെ വാഹനം കടത്തിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. കൂടാതെ യൂനിയന്റെ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ കൈക്കലാക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ചെങ്ങന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പ്രതികള്‍ കൃത്യം നിര്‍വഹിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലിസിനു നല്‍കിയിട്ടുപോലും പ്രതികളെ അറസ്റ്റു ചെയ്യുവാനോ അന്വേഷിക്കുവാനോ തയാറാകാത്തതില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി ശാഖാ യോഗങ്ങളുടെ ആഭിമുഖ്യത്തില്‍ ഇന്നലെ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടന്നു.
യൂനിയന്‍ ഓഫിസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി വൈ.എം.സി.എ ജങ്ഷനില്‍ എത്തിയപ്പോള്‍ പൊലിസ് തടഞ്ഞു. യൂനിയന്‍ വൈസ് ചെയര്‍മാന്‍ വിജീഷ് മേടയില്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പ്രതികള്‍ക്കെതിരേ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ട് നടപടി എടുക്കാത്ത പക്ഷം വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുവാന്‍ ആണ് തീരുമാനമെന്ന് ഭാരവാഹികളായ വിജീഷ് മേടയില്‍, അമ്പിളി മഹേഷ്, സുലു വിജീഷ്, സുപ്രിയ, പി.എന്‍ ഗോപാലന്‍, വിനീത് മോഹന്‍, വിഷ്ണു സജി, രഞ്ജിത്ത്, സന്തോഷ് എന്നിവര്‍ ചെങ്ങന്നൂരില്‍ നടന്നവാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആക്രമണത്തില്‍ പങ്കെടുത്ത പലര്‍ക്കും ഓഫിസില്‍ കയറരുതെന്ന കോടതി വിലക്കുള്ളവരാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."