മോക്ഷം കാത്ത് കൊല്ലം- തേനി ദേശീയപാത
ചാരുംമൂട്: കൊല്ലം- തേനി ദേശീയപാതയിലെ ചാരുംമൂട് മുതല്‍ കൊച്ചാലുംമൂട് വരെയുള്ള റോഡിലെ കുഴികളില്‍ മഴപെയ്ത് വെള്ളം നിറഞ്ഞതോടെ അപകടങ്ങള്‍ വര്‍ധിക്കുന്നു. ചാരുംമൂട് ജങ്ഷന്‍ മുതല്‍ റോഡിലെ ചെറുതും വലുതുമായ നൂറോളം കുഴികളാണ് ഈ ഭാഗങ്ങളില്‍ രൂപപ്പെട്ടിട്ടുള്ളത്. കഴിഞ്ഞാഴ്ച മാങ്കാംകുഴി കൊച്ചാലുംമൂട് പെട്രോള്‍ പമ്പിന് സമീപമുള്ള റോഡിലെ കുഴിയില്‍ വെള്ളം നിറഞ്ഞ കിടന്നത് അറിയാതെ എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍ പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ താല്‍ക്കാലികമായ രാത്രിയില്‍ കുഴി അടച്ചെങ്കിലും വീണ്ടുമിവിടെ ഗര്‍ത്തം ആയി മാറി കഴിഞ്ഞു. മാങ്കാംകുഴി ജങ്ഷന് വടക്കുവശവും റോഡിലെ നടുഭാഗത്ത് രൂപപ്പെട്ടിട്ടുള്ള കുഴി അപകടങ്ങള്‍ വരുത്തുന്നുണ്ട്. മാര്‍ക്കറ്റിന് സമീപമായ ഇവിടെ നിരവധി വാഹനങ്ങള്‍ രാവിലെയും വൈകുന്നേരങ്ങളിലും അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്. ചുനക്കര, കോട്ടമുക്ക് ജങ്ഷന് തെക്കുവശത്ത് റോഡ് നടുഭാഗത്ത് വന്‍ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളാകുന്നു. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ മഴയില്‍ ഈ ഭാഗത്തുകൂടി വന്ന ദൂരെ പ്രദേശങ്ങളിലുള്ള ഇരുചക്രവാഹന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇവിടെ വീണിരുന്നു.
മഴ തുടങ്ങുന്നതിന് മുമ്പേ അറ്റകുറ്റപ്പണികള്‍ ചെയ്യുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നൂറു കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം ഈറോഡ് വഴിയാണ് യാത്രചെയ്യുന്നത്. റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനിന്ന് വാഹനയാത്രക്കാര്‍ ഇതില്‍ വീണ് പരുക്ക് പറ്റുന്നത് തുടര്‍കഥയായിട്ടും അധികൃതര്‍ ഒന്നുംചെയ്യാതെ കണ്ണടച്ചിരിക്കുന്നതില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കൊല്ലം-തേനി ദേശീയപാതയിലെ ഈ ഭാഗങ്ങളിലെ നിര്‍മാണത്തില്‍ വന്‍ അഴിമതി കഴിഞ്ഞയിടെ കണ്ടെത്തിയിരുന്നു. കോടികള്‍ മുടക്കി നിര്‍മിച്ച ഈ പാതയിലെ യാത്രയില്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. ദേശീയപാത കൊല്ലം ഡിവിഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ പാതയിലെ കുഴികള്‍ അടച്ച് പരിഹരിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും ഇനിയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
അടിയന്തരമായി ഈ പാതയിലെ അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കില്‍ വിവിധ സംഘടനകള്‍ ശക്തമായ പ്രക്ഷോഭത്തിന് തയാറെടുത്തുകഴിഞ്ഞു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെയും മേല്‍ ഉദ്യോഗസ്ഥരെയും കണ്ടു പരാതി അറിയിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."