ഭീഷണിപ്പെടുത്തി കവര്‍ച്ച; 5 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
തൃശൂര്‍: നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ മര്‍ദിച്ച് സ്വര്‍ണ മാലയും പണവും കവര്‍ന്ന വിദ്യാര്‍ഥി സംഘത്തിലെ അഞ്ചുപേരെ തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് സംഘവും, തൃശൂര്‍ ഈസ്റ്റ് പൊലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കെ ബസ്സ്റ്റാന്റ് പാലസ് ഗ്രൗണ്ടിനു സമീപത്ത് ഇക്കഴിഞ്ഞ നവംബര്‍ 19നാണ് സംഭവം.
തൃശൂര്‍, മണ്ണുത്തി, പാളയംകോട് വീട്ടില്‍ ആഷിക് (19), പീച്ചി കണ്ണാറ ആലപ്പാട്ട് വീട്ടില്‍ ജസ്റ്റിന്‍ (21) എന്നിവരാണ് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. കവര്‍ച്ച ചെയ്‌തെടുത്ത സ്വര്‍ണമാല വില്‍ക്കാന്‍ സഹായിച്ച തൃശൂര്‍ കൊക്കാലെ സ്വദേശി നിഷാജ് (18), കൊഴുക്കുള്ളി സ്വദേശി പ്രത്യുഷ് (19), പട്ടിക്കാട് സ്വദേശി അഖില്‍ബാബു (19) എന്നിവരെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃശൂര്‍ തൃക്കൂര്‍ സ്വദേശിയായ പീതാംബരന്‍ ജോലികഴിഞ്ഞ് മടങ്ങവെ കോളജ് വിദ്യാര്‍ഥികളായ ആഷിക്, ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ഭീകരമായി മര്‍ദിച്ച ശേഷം കഴുത്തില്‍ അണിഞ്ഞിരുന്ന രണ്ടുപവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും, പഴ്‌സില്‍ സൂക്ഷിച്ചിരുന്ന ആറായിരം രൂപയും കൈവശപ്പെടുത്തി. തുടര്‍ന്ന് എ.ടി.എം കാര്‍ഡ് കൈക്കലാക്കി. എ.ടി.എം കാര്‍ഡിന്റെ പാസ്‌വേഡ് ചോദിച്ചപ്പോള്‍ പറയാതിരുന്നതിനെ തുടര്‍ന്ന് നിര്‍ബന്ധിപ്പിച്ച് പണമെടുപ്പിച്ചു. ശേഷം തൃശൂര്‍ ജൂബിലി മിഷ്യന്‍ ആശുപത്രിക്കടുത്തുള്ള എ.ടി.എമ്മില്‍ നിന്ന് 20000 രൂപ പിന്‍വലിപ്പിക്കുകയും തുടര്‍ന്ന് അവശനായ പീതാംബരനെ പ്രതികള്‍ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. സംഭവം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പീതാംബരന്‍ സംഭവത്തെപ്പറ്റി ഉറ്റ സുഹൃത്തിനോട് സൂചിപ്പിക്കുകയും സുഹൃത്തിന്റെ നിര്‍ദേശപ്രകാരം പൊലിസില്‍ പരാതിപ്പെടുകയുമായിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലിസില്‍ പരാതിനല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് സിറ്റി ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സി.സി.ടി.വി കാമറ ദൃശ്യങ്ങളും, രഹസ്യനിരീക്ഷണവും നിരവധി പരിശോധനകളും നടത്തിയാണ് പ്രതികളെ വലയിലാക്കിയത്. പണവും, സ്വര്‍ണവും കവര്‍ച്ച ചെയ്തതിനുശേഷം പ്രതികള്‍ സുഖവാസത്തിനായി വയനാട്, കോഴിക്കോട് എന്നീ ഭാഗങ്ങളില്‍ കറങ്ങിനടക്കുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതില്‍ ഇവര്‍ ഇത്തരത്തില്‍ നിരവധി ആളുകളെ ഭീഷണിപ്പെടുത്തി പണവും മറ്റും കവര്‍ച്ച നടത്തിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ആഡംബര ജീവിതത്തിനും മറ്റും പണം കണ്ടെത്തുന്നതിനാണ് പ്രതികള്‍ ഇത്തരത്തില്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്നത് ലക്ഷങ്ങള്‍ വിലവരുന്ന ആഡംബര ബൈക്കുകളില്‍ ആയിരുന്നു. കവര്‍ച്ച ചെയ്‌തെടുത്ത പണവും സ്വര്‍ണ വും പൊലിസ് കണ്ടെടുത്തു. ക്രൈംബ്രാഞ്ച് എ.സി.പി ബാബു കെ തോമസ്, തൃശൂര്‍ സിറ്റി എ.സി.പി വി.കെ രാജു, ഈസ്റ്റ് എസ്.ഐ സിദ്ദീഖ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."