കര്‍ണാടകയുടെ ഗോള്‍ മഴയില്‍ മുങ്ങി പോണ്ടിച്ചേരി
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മൈതാനത്തില്‍ കര്‍ണാടക താരങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ പോണ്ടിച്ചേരിയുടെ ഗോള്‍ വല നിറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സൗത്ത് സോണ്‍ സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിലാണ് കര്‍ണാടക എതിരില്ലാത്ത ഏഴ് ഗോളിന് പോണ്ടിച്ചേരിയെ തകര്‍ത്തത്. ആദ്യ പകുതിയുടെ ഇരുപതാം മിനുട്ടിലും മുപ്പത്തി ഒന്നാം മിനുട്ടിലും കര്‍ണാടകക്ക് വേണ്ടി ദിപ് മജുംദാര്‍ ഇരട്ട ഗോള്‍ സ്വന്തമാക്കി. ഇതോടെ കര്‍ണാടക പോണ്ടിച്ചേരിക്ക് മേല്‍ ആധിപത്യം നേടിയിരുന്നു. മത്സരത്തിലേക്ക് തിരിച്ചുവരാന്‍ പോണ്ടിച്ചേരി ശ്രമിച്ചെങ്കിലും കൃത്യമല്ലാത്ത പാസുകളും മുന്നേറ്റത്തിലെ പാളിച്ചകളും തിരിച്ചടിയായി. ഇരുപത്തി ആറാം മിനുട്ടില്‍ വിഘ്‌നേഷ് ഗുണശേഖറും മുപ്പത്തിരണ്ടാം മിനുട്ടില്‍ സുധീറും ഗോള്‍ കണ്ടെത്തി ആദ്യ പകുതിയില്‍ നാല് ഗോളിന്റെ ലീഡ് സ്വന്തമാക്കി.
നാല്‍പത്തി എട്ടാം മിനുട്ടില്‍ നിഖില്‍ രാജ് ഗോള്‍ സ്‌കോര്‍ ചെയ്തതോടെ ഗോള്‍ നില 5-0 എന്ന നിലയിലെത്തി. രണ്ടാം പകുതിക്ക് ശേഷം കാര്‍ണാടകന്‍ താരങ്ങള്‍ പോണ്ടിച്ചേരിയുടെ കളത്തില്‍ മാത്രമാക്കി കളി. ഇടക്ക് വീണു കിട്ടയ അവസരങ്ങളില്‍ പോണ്ടിച്ചേരി മുന്നേറാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
എഴുപത്തിനാലാം മിനുട്ടില്‍ അമയ് മോറാജ്ക്കറും എഴുപത്തി ഏഴാം മിനുട്ടില്‍ സോളാ മാലൈയും ഗോളുകള്‍ സ്‌കോര്‍ ചെയ്ത് കര്‍ണാടകയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ബംഗളുരു എഫ്.സി ടീമില്‍ കളിക്കുന്ന താരങ്ങള്‍ ഉള്‍പ്പെട്ട കര്‍ണാടക ടീം ആദ്യവസാനം മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ആദ്യ പകുതിയുടെ അവസാന ഘട്ടത്തിലും രണ്ടാം പകുതിയിലും പുതുച്ചേരി മാനംകാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തൃശൂര്‍ സ്വദേശിയും യാനപ്പോയ യൂനിവേഴ്‌സിറ്റി കോച്ചുമായ ബിബി തോമസ് മുട്ടത്തിന്റെ ശിഷ്യരാണ് കര്‍ണാടക താരങ്ങള്‍. ഗോള്‍ കീപ്പര്‍ റമീസ് അരീക്കോടും നിയാസ് കോട്ടക്കലും ടീമിലെ മലയാളി താരങ്ങളാണ്. ബംഗളൂരു ഫുട്‌ബോള്‍ ക്ലബ്ബിലെ ( ബി.എഫ്.സി) നാല് താരങ്ങളും ക്വിക്ക് സ്റ്റാര്‍ട്ട് എന്ന ക്ലബ്ബിലെ ഒന്‍പത് പേരുമാണ് കളത്തിലിറങ്ങിയത്. ഗ്രൂപ്പ് എയിലെ ടീമുകളായ ആന്ധ്രാപ്രദേശും തമിഴ്‌നാടും തമ്മിലാണ് ഇന്നത്തെ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."