ജില്ലയില്‍ 8097 പട്ടയങ്ങള്‍ വിതരണത്തിനു തയാറായി
തൃശൂര്‍: ജില്ലയില്‍ വനഭൂമി പട്ടയങ്ങളടക്കം 8097 പട്ടയങ്ങള്‍ ഡിസംബര്‍ 10ന് വിതരണത്തിനു തയാറായതായി റവന്യൂ വകുപ്പ് ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ ആദിവാസി മലയോര മേഖലകളില്‍ 60 വനഭൂമി പട്ടയങ്ങള്‍ നല്‍കും. വനഭൂമി പട്ടയത്തിന്റെ സംയുക്ത പരിശോധനാ റിപ്പോര്‍ട്ട് കാണാതായ സംഭവത്തില്‍ ആക്ഷേപങ്ങള്‍ തീര്‍പ്പാക്കാന്‍ വകുപ്പുതല പൊലിസ്തല അന്വേഷണം നടത്താന്‍ ഡോ. പി.കെ ബിജു എം.പി നിര്‍ദേശിച്ചു. വനഭൂമി പട്ടയങ്ങള്‍ക്ക് മരവില ഈടാക്കി നല്‍കുന്നതടക്കമുള്ള തീരുമാനങ്ങളെടുക്കാന്‍ റവന്യൂ, വനംവകുപ്പ് ജില്ലാതല യോഗം നടത്താനും തീരുമാനമായി. വനഭൂമി പട്ടയങ്ങള്‍, സര്‍വെ നമ്പര്‍, മരവില, സര്‍ക്കാര്‍ ഉത്തരവ് എന്ന ക്രമത്തിലാണ് നിജപ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 623 വനഭൂമി പട്ടയങ്ങളാണ് ഉള്ളതെന്നും ബാക്കിയുള്ളവയുടെ വിതരണം അടുത്ത ഘട്ടത്തില്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാകലക്ടര്‍ ടി.വി അനുപമ യോഗത്തില്‍ അറിയിച്ചു.
പ്രളയത്തില്‍ വീടുതകര്‍ന്നതിനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന 209 പേര്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. നടപടികള്‍ ഒരുമാസത്തിനകം പൂര്‍ത്തിയാക്കും. പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി 2600 ഓളം പേരുടെ പുനരധിവാസം പൂര്‍ത്തിയാക്കി. പകുതിപ്പേര്‍ക്ക് ഭൂമി കണ്ടെത്തുന്ന നടപടിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഭൂമി ലഭിക്കാത്ത 210 പേര്‍ക്ക് ഭൂമി കണ്ടെത്താനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ജില്ലയില്‍ ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജില്ലയിലെ വടക്കാഞ്ചേരി, കൈപ്പമംഗലം, നാട്ടിക തുടങ്ങിയ നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂം ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കെല്‍ട്രോണുമായി കരാര്‍ ഉറപ്പിക്കും. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടങ്ങളില്‍ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. കേരള കലാമണ്ഡലത്തിലെ കെട്ടിടത്തിലും രാമനിലയത്തില്‍ അവശേഷിക്കുന്ന സ്ഥലത്തും ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും.
പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍, കുഴിയടക്കല്‍ എന്നിവ ആരംഭിച്ചു കഴിഞ്ഞതായി വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന പഴയന്നൂരിലെ ചീരക്കുഴി ഇറിഗേഷന്‍ പദ്ധതിയുടെ പുനര്‍ നിര്‍മാണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം, എരുമപ്പെട്ടി പഞ്ചായത്തില്‍ വ്യാപകമായ കുളമ്പ് രോഗ വ്യാപനം തടയണം, അടാട്ട് പഞ്ചായത്തിലെ വിലങ്ങന്‍ കുന്നിലെ നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി അന്വേഷണം നടത്തുകയും നടപടിയെടുക്കുകയും വേണം, ഇമ്പിച്ചിബാവ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അടാട്ട് സ്വദേശിക്ക് വീട്ടുനമ്പര്‍ നല്‍കാത്ത അധികൃതര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തുക, കൊണ്ടാഴി- മായന്നൂര്‍ റോഡ് ഗതാഗത യോഗ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, കടവല്ലൂര്‍ പഞ്ചായത്തിലെ എണ്ണൂറേക്കല്‍ പാടശേഖരത്തിലെ നെല്‍കൃഷി സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡോ. പി.കെ ബിജു പ്രമേയം അവതരിപ്പിച്ചു. പീച്ചി ഡാമിന്റെ പണി പൂര്‍ത്തീകരിച്ച ഇറിഗേഷന്‍ കനാലുകളുടെ ഇടതു-വലതു-ഒബിസി കനാലുകളിലൂടെ ജലസേചനം നടത്താന്‍ അടിയന്തിര നടപടികളെടുക്കുക, മണ്ണുത്തി - വടക്കുഞ്ചേരി ദേശീയപാതയുടെ നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഡ്വ. കെ. രാജന്‍ എം.എല്‍.എയും കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഏറിയാട്, അഴീക്കോട് വില്ലേജ് ഓഫിസുകളിലെ 32 വീട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, കനോലി കനാല്‍ ഹരിതകേരള മിഷനില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക, പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മാണത്തിനായി ഉടന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എയും പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ആകെ 10 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. ജില്ലാ കലക്ടര്‍ ടി.വി അനുപമ, സി.എന്‍ ജയദേവന്‍ എം.പി, ബി.ഡി ദേവസി എം.എല്‍.എ, ജില്ലാ പ്ലാനിങ് ഓഫിസര്‍ ടി.ആര്‍. മായ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."