സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നയം വഞ്ചനാപരം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: മെഡിക്കല്‍ വിദ്യാഭ്യാസം സാധാരണക്കാരന് അന്യമാക്കുന്നവിധം സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ഫീസ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നയം വഞ്ചനാപരമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. രണ്ടു സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന പൊതു തത്വമാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്.
സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പാവപ്പെട്ടവനും സാധാരണക്കാരനും പഠിക്കുവാനുളള അവകാശം സര്‍ക്കാര്‍ നിഷേധിച്ചു. ഫീസ് വര്‍ദ്ധനവിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസം സമ്പന്നര്‍ക്കുവേണ്ടി മാത്രം പൂര്‍ണ്ണമായി സംവരണം ചെയ്യുന്ന ഈ നയം ജനദ്രോഹപരമാണ്. ഇടതുപക്ഷ നയങ്ങള്‍ക്ക് ഘടകവിരുദ്ധമായ നിലപാടാണ് താങ്ങാനാവാത്ത ഫീസ് വര്‍ദ്ധന.
ഫീസ് വര്‍ദ്ധന മൂലം ഉയര്‍ന്ന മാര്‍ക്കു വാങ്ങി നീറ്റ് റാങ്ക് പട്ടികയില്‍ മെച്ചപ്പെട്ട റാങ്ക് നേടിയ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ സീറ്റ് ഉപേക്ഷിക്കുന്നതിനും ആ സീറ്റുകളില്‍ കുറഞ്ഞ മാര്‍ക്ക് വാങ്ങുന്ന സമ്പന്നര്‍ കൈയടക്കുന്നതിനും സാഹചര്യമൊരുക്കുന്ന സര്‍ക്കാര്‍ നിലപാട് നീറ്റിന്റെ തന്നെ അന്തസത്ത കെടുത്തികളഞ്ഞിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ അത്യപൂര്‍വ്വമായ നല്ല നടപടികളില്‍ ഒന്നായ നീറ്റിന്റെ ഗുണമേന്മ പോലും ഇല്ലാതാക്കിയ സര്‍ക്കാരിന്റെ നീക്കം വിദ്യാര്‍ത്ഥി ദ്രോഹപരമാണ്. ഫീസ് വര്‍ദ്ധിപ്പിക്കാന്‍ മാനേജ്‌മെന്റുകളേക്കാള്‍ അവേശം സര്‍ക്കാരിനാണെന്ന് വെളിപ്പെടുത്തുന്നതാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ഫീസ് എന്‍.ആര്‍.ഐ സീറ്റില്‍ അനുവദിച്ചു കൊണ്ടുളള സര്‍ക്കാര്‍ തീരുമാനം.
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നഷ്ടമാണെന്നു വാദിക്കുന്ന മാനേജ്‌മെന്റുകള്‍ ഒന്നു പോലും നാളിതുവരെ നഷ്ടം കൊണ്ട് ഒരു കോളജ് പോലും പൂട്ടിയിട്ടില്ല. വരവുചെലവു കണക്ക് കാണിക്കണമെന്ന കമ്മീഷന്റെ ആവശ്യം നിരാകരിച്ച മാനേജ്‌മെന്റുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലാതെ ഫീസ് വര്‍ദ്ധന നല്‍കിയ സര്‍ക്കാരിന്റെ സമീപനം കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖല തകര്‍ക്കുന്നതാണ്. ഇടതുപക്ഷ നയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ പൊതു ഖജനാവിലെ കോടികള്‍ ചിലവിടുന്ന സര്‍ക്കാര്‍ സമ്പന്നര്‍ക്ക് അനുകൂലമായ മുതലാളിത്ത നയങ്ങളാണ് പ്രാവര്‍ത്തികമാക്കുന്നത്. .എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."