സര്‍ക്കാറിന്റെ പ്രതിച്ഛായ മോശമാക്കി- കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്രത്തിന്റെ കുറ്റപത്രം
ന്യൂഡല്‍ഹി: കശ്മീരികളെ നിശ്ശബ്ദരാക്കിയതില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വ്വീസില്‍ നിന്ന രാജിവെച്ച മലയാളി കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്ര സര്‍ക്കാറിന്റെ കുറ്റപത്രം. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു, കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചു തുടങ്ങിയ കുറ്റങ്ങള്‍ നിരത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇമെയില്‍ വഴിയാണ് കുറ്റപത്രം അയച്ചത്. കണ്ണന്റെ നടപടി സര്‍ക്കാറിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് കുറ്റപത്രം വിമര്‍ശിക്കുന്നു.
2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ധിക്കാരപരമായ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും അനുസരണക്കേട് പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു, കൃത്യസമയത്ത് ഫയല്‍ ഹാജരാക്കിയില്ല, ഭൂഗര്‍ഭ കേബിള്‍ പദ്ധതി കൃത്യസമയത്ത് പൂര്‍ത്തിയാക്കിയില്ല, കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല, പ്രധാനമന്ത്രിയുടെ എക്‌സലന്‍സ് പുരസ്‌കാരത്തിന് അപേക്ഷിച്ചില്ല തുടങ്ങിയ കുറ്റങ്ങളും കണ്ണന്‍ ഗോപിനാഥനെതിരെ ചുമത്തിയിരിക്കുന്നു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 23 നാണ് കണ്ണന്‍ രാജി വെച്ചത്.
അതേസമയം, സര്‍ക്കാറിനെ വിമര്‍ശിച്ചത് രാജി വെച്ച ശേഷമെന്ന കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു.
1969 ലെ ആള്‍ ഇന്ത്യാ സര്‍വ്വീസ് നിയമത്തിലെ എട്ടാം വകുപ്പിന് കീഴിലാണ് കണ്ണന്‍ ഗോപിനാഥിനെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."