ഡിവൈ.എസ്.പിയും സി.ഐയുമില്ല; വടകരയിലെ കേസന്വേഷണങ്ങള്‍ താളംതെറ്റുന്നു
വടകര: ഡിവൈ.എസ്.പിയും സര്‍ക്കിള്‍ ഇന്‍സ്പക്ടറും ഇല്ലാതായിട്ട് ഒരാഴ്ച കഴിഞ്ഞു. പകരം ആളെ നിശ്ചയിച്ചെങ്കിലും ചാര്‍ജെടുക്കാത്തതിനാല്‍ കേസന്വേഷണങ്ങളെ ബാധിക്കുന്ന സ്ഥിതിയാണ്. ഡി.വൈ.എസ്.പി ആയിരുന്ന പ്രജീഷ് തോട്ടത്തില്‍ ഒരാഴ്ച മുമ്പ് കണ്ണൂരിലെ ഇരിട്ടിയില്‍ ചാര്‍ജെടുത്തു. കോഴിക്കോട് സിറ്റി അഡ്മിനിസ്ട്രേഷനിലെ പി.കെ.രാജുവിനെയാണ് പകരം നിയമിച്ചതെങ്കിലും അദ്ദേഹം ഇനിയും വടകരയിലെത്തിയില്ല. വടകര സിഐ ആയിരുന്ന വിശ്വംഭരന് സ്വദേശമായ കാസര്‍കോട് ജില്ലയിലെ ബേക്കലിലേക്ക് സ്ഥലം മാറി പോയി. കോഴിക്കോട് സിറ്റിയിലെ ചന്ദ്രമോഹനനെയാണ് വടകരയിലേക്ക് നിയമിച്ചത്. പത്ത് ദിവസമായിട്ടും അദ്ദേഹവും ചാര്‍ജെടുത്തിട്ടില്ല. ഈ രണ്ട് സ്ഥാനങ്ങളും ഒഴിഞ്ഞു കിടക്കുന്നത് വിവിധ കേസന്വേഷണങ്ങളെയാണ് ബാധിക്കുന്നത്.
ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസിന്റെ പ്രവര്‍ത്തനം മുടങ്ങിയിരിക്കുകയാണ്. ഓഫിസര്‍ ഇല്ലാത്തതിനാല്‍ ഷാഡോ സംഘാംഗങ്ങളെ എ.ആര് ക്യാംപിലേക്ക് തിരിച്ചയച്ചതായാണ് വിവരം. ഇതുമൂലം കുഴല്‍പണം, മണല്‍കടത്ത്, മയക്കുമരുന്ന് വില്പന തുടങ്ങിയ സംഘങ്ങള്‍ക്കെതിരേ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ പൊലിസിനാകുന്നില്ല.
നാദാപുരം കണ്ട്രോള് റൂം സി.ഐക്ക് വടകരയുടെ അധിക ചുമതല നല്‍കിയിട്ടുണ്ടെങ്കിലും പല കേസുകളിലേയും അന്വേഷണം അവതാളത്തിലായി. എം.എച്ച്.ഇ.എസ് കോളജിലെ ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തുടരന്വേഷണത്തിനായി വിവിധ തലങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടെങ്കിലും സി.ഐ ഇല്ലാത്തതിനാല്‍ കാര്യങ്ങള്‍ മുന്നോട്ടുനീങ്ങുന്നില്ല. നാദാപുരം സി.ഐ രാജപ്പന് കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും സമയമില്ലായ്മ അദ്ദേഹത്തിനു പ്രശ്നമായിരിക്കുകയാണ്. നാദാപുരം മേഖലയില്‍ നിരവധി കേസുകള്‍ അന്വേണഘട്ടത്തിലാണ് കൂടാതെ ക്രമസമാധാനവും പാലിക്കേണ്ടതിനാല്‍ അദ്ദേഹത്തിന് വടകരയുടെ അധിക ചുമതല ഭാരംതന്നെയാണ്. അന്വേഷണം വേണ്ട മറ്റു കേസുകളും ഇക്കാരണത്താല്‍ ഫയലില്‍ ഉറങ്ങുകയാണ്. അഴിത്തലയിലെ ജസീല എന്ന യുവതി പാലക്കാട് അപകടത്തില്‍ മരണപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ നല്കിയ പരാതിയിലും ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ പോയപ്പോള്‍ സി.ഐ ഇല്ലെന്നും പുതിയ നിയമനം വന്നാലെ അന്വേഷണം നടത്തുമെന്നുമാണ് അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് റൂറല്‍ എസ്.പിക്ക് പരാതി കൊടുത്തെങ്കിലും എസ്.പിയും ഇതേ മറുപടിയാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."