പനി മരണത്തില്‍ മാറനല്ലൂര്‍ മുന്നില്‍
മലയിന്‍കീഴ്: പനിയുടെ പിടിയിലായി മാറനല്ലൂരും മലയിന്‍കീഴും വിളപ്പിലും. പകര്‍ച്ചപ്പനി പിടിപെട്ട് രോഗികള്‍ വലയുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുമില്ല. ചികിത്സ തേടിയെത്തുന്നവരില്‍ കൂടുതലും മാറനല്ലൂര്‍ നിവാസികളാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പോരായ്മയാണ് പനി പഞ്ചായത്തിലാകെ പടര്‍ന്ന് പിടിക്കാന്‍ കാരണം. പനി ബാധിച്ച് മരിച്ചവരിലും മാറനല്ലൂര്‍ പഞ്ചായത്താണ് മുന്നില്‍. മാറനല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിപക്ഷവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. ഇവരുടെ ഏക ആശ്രയം സര്‍ക്കാര്‍ ആശുപത്രിയാണ്. എന്നാല്‍ മാറനല്ലൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഫലപ്രദമായി ചികിത്സ ലഭ്യമാകുന്നില്ലെന്ന പരാതി വ്യാപകമാണ്.
രാവിലെ 8 മണി മുതല്‍ ആശുപത്രിക്ക് മുന്നില്‍ രോഗികളുടെ വന്‍ നിരയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രധാന പ്രശ്‌നം. മതിയായ മരുന്നുകള്‍ കിട്ടുന്നില്ലെന്നും ഉച്ചയ്ക്ക് 12 മണിയോടെ മിക്ക ദിവസങ്ങളിലും ആശുപത്രി ഒ.പി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും രോഗികള്‍ പറയുന്നു. മലയോര മേഖലകളില്‍ നിന്ന് ചികിത്സ തേടിയെത്തുന്നവര്‍ക്ക് മറ്റ് സ്വകാര്യ ആശുപത്രികളാണ് ആശ്രയം. എന്നാലിവിടെ മൂന്നരവയസുകാരന്‍ അഭിനന്ദ് ഉള്‍പ്പെടെ ഒരാഴ്ച്ചയ്ക്കുള്ളില്‍ നാല് പനി മരണങ്ങള്‍ ഉണ്ടായത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. വാര്‍ഡ് തലത്തില്‍ അടിയന്തര ഗ്രാമസഭകള്‍ ചേര്‍ന്ന് പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
നിത്യേനെ 700ല്‍ കൂടുതല്‍ രോഗികളാണ് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നത്. ഗ്രാമപ്പഞ്ചായത്ത് അടിയന്തരമായി ആശുപത്രി വികസന കമ്മിറ്റി ചേര്‍ന്ന് മതിയായ ചികിത്സയും മരുന്നും ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രാഥമിക ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നാമമാത്രമാണ്. പൊതു ഓടകളിലെ മാലിന്യം നീക്കം ചെയ്യാത്തത് കൊതുകുകള്‍ വന്‍ തോതില്‍ പെരുകുന്നതിന് ഇടയാക്കി. ഇത് പനി വ്യാപകമായി പടര്‍ന്ന് പിടിക്കാന്‍ കാരണമായെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഒരേയൊരു ഡോക്ടര്‍ മാത്രമേയുള്ളൂ.
ഇതിനിടെ ഉപരോധസമരവും ഇവിടെ നടന്നു. വിളപ്പില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല. നൂറു കണക്കിന് രോഗികളാണ് കഴിഞ്ഞദിവസം വിളപ്പില്‍ സി.എച്ച്.സിയില്‍ ചികിത്സ തേടിയെത്തിയത്. ആകെയുള്ളത് ഒരു ഡോക്ടറും. ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം ക്യൂ നിന്ന് അവശരായ രോഗികളില്‍ ഒരു കുട്ടിയുള്‍പ്പടെ രണ്ടുപേര്‍ കുഴഞ്ഞു വീണിരുന്നു. ഈ സമയം മെഡിക്കല്‍ ഓഫിസര്‍ രോഗികളെ പരിശോധിക്കാന്‍ കൂട്ടാക്കാതെ മുറിയില്‍ വിശ്രമിക്കുകയായിരുന്നു. ഇവര്‍ രോഗികളെ പരിശോധിക്കാന്‍ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഉപരോധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."