അനന്തപുരി ചക്കമഹോത്സവത്തിന് നാളെ തുടക്കം
തിരുവനന്തപുരം: അനന്തപുരി ചക്കമഹോത്സവത്തിന് നാളെ തുടക്കമാകും. മഹോത്സവം നാളെ മുതല്‍ ജൂലൈ ഒന്‍പതുവരെ കനകക്കുന്ന് സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മഹോത്സവം ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനാവും. മേയര്‍ അഡ്വ. വി.കെ പ്രശാന്ത് മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, അഡ്വ. പി. വിശ്വംഭര പണിക്കര്‍, പി. ബാലചന്ദ്രന്‍, ഡോ. എ. അനില്‍കുമാര്‍, മിനി കെ. രാജന്‍, ഐഡാ സുമുവേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന കൃഷിവകുപ്പ്, ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍, സ്മാള്‍ ഫാര്‍മേഴ്‌സ് ആന്റ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം, നബാര്‍ഡ്, സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ്, വെള്ളായണി കാര്‍ഷിക കോളജ് എന്നിവയുടെ സഹകരണത്തോടെ ജാക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് മഹോത്സവം നടക്കുക. 'നല്ല ഭക്ഷണം, നല്ല ആരോഗ്യം, നല്ല ജീവിതം നമുക്കും' എന്ന സന്ദേശമുയര്‍ത്തിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ പത്തു മുതല്‍ അഞ്ച് വരെ സംസ്ഥാനതല സിമ്പോസിയം: 'ചക്കയെപ്പറ്റി അറിയാത്ത കാര്യങ്ങള്‍' നടക്കും. ജൂലൈ ഒന്നിന് ചക്ക സംരംഭകരുടെ സംസ്ഥാനതല സംഗമം ഉണ്ടാകും. രണ്ടിന് ചക്കയുടെയും പ്ലാവിന്റെയും ഔഷധ ഗുണങ്ങളും അവയുടെ പ്രയോഗങ്ങളും ഉള്‍പ്പെടുത്തി നടക്കുന്ന നാട്ടറിവ് സംഗമം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മൂന്നു മുതല്‍ ഏഴാം തീയതി വരെ ചക്കയില്‍ നിന്നുള്ള ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനം നടക്കും. ബഡ്ഡിങ്, ഗ്രാഫ്റ്റിങ് സൗജന്യ പരിശീലനവും നല്ലയിനം പ്ലാവുകളുടെ സംരക്ഷണ യജ്ഞവും പരിപാടിയുടെ ഭാഗമായി നടക്കും.
ചക്ക മഹോത്സവത്തോടനുബന്ധിച്ച് ചക്കതീറ്റ മത്സരം, ഉപന്യാസരചന, കുട്ടികള്‍ക്കായുള്ള ഡ്രോയിങ് മത്സരം, പാചക മത്സരം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ജെ.പി.സി ചെയര്‍മാന്‍ റൂഫസ് ഡാനിയേല്‍, സിസ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ്‌കുമാര്‍, ശാന്തിഗ്രാം ഡയറക്ടര്‍ എല്‍. പങ്കജാക്ഷന്‍, സി. പ്ലാസിന്‍, നിസാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."