ആറളം ഫാമിലെ കാട്ടാനശല്യം;മൂന്ന് വകുപ്പുകളുടെ യോഗം തിരുവനന്തപുരത്ത് ചേരും
ഇരിട്ടി: ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും നിരന്തരമുണ്ടാകുന്ന കാട്ടാനശല്യം പരിഹരിക്കുന്നതിന് തിരുവനന്തപുരത്ത് മൂന്ന് വകുപ്പുകളുടെ ഉന്നതതല യോഗം ചേരുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ആറളം വന്യജീവി സങ്കേതം ഓഫിസില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
മൂന്നു വകുപ്പുകളുടെയും മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഫാമിലെ ഭൂമി ആദിവാസി വികസന വകുപ്പിന്റെ അധീനതയിലായതിനാല്‍ പ്രദേശത്ത് ഭൂമികിട്ടിയിട്ടും സ്ഥിര താമസമാക്കാത്തവരുടെ ഭൂമി പിടിച്ചെടുത്ത് അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ഉണ്ടായി. വന്യമൃഗ ആക്രമണങ്ങളില്‍ പരുക്കേറ്റവര്‍ക്കുള്ള ധനസഹായം മുന്‍ഗണനാ അടിസ്ഥാനത്തില്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സണ്ണിജോസഫ് എം.എല്‍.എ അധ്യക്ഷനായി. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍മാരായ എസ്. ഷൈക്ക് ഹൈദര്‍ ഹുസൈന്‍, കാര്‍ത്തികേയന്‍, കണ്ണൂര്‍ ഡി.എഫ്.ഒ സുനില്‍ പാമടി, ആറളം ഡി.എഫ്.ഒ അനൂപ്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി നടുപ്പറമ്പില്‍, ഷീജ സെബാസ്റ്റ്യന്‍, ഇന്ദിരാ ശ്രീധരന്‍, സെലിന്‍ മാണി, മൈഥിലി രമണന്‍, ജില്ലാ പഞ്ചായത്തംഗം കെ.ടി ജോസ്, ലുക്മാന്‍ പള്ളിക്കണ്ടി, എം.കെ ശശി, ജോഷി പാലമറ്റം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."