മുസ് ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരേ ആക്രമണം: ഡി.വൈ.എഫ്.ഐ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കും
മലപ്പുറം: രാജ്യത്ത് മുസ്‌ലിം, ദലിത് വിഭാഗങ്ങള്‍ക്ക് നേരെ കേന്ദ്രസര്‍ക്കാര്‍ ഒത്താശയോടെ സംഘ്പരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ ഡി.വൈ.എഫ്.ഐ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നു അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയതലത്തില്‍ ലീഗല്‍ സബ്കമ്മിറ്റി രൂപീകരിച്ച് നിയമപോരാട്ടത്തിന് നേതൃത്വം നല്‍കും. തൊഴിലില്ലായ്മ രൂക്ഷമാക്കിയതടക്കം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണപരാജയം മറയ്ക്കാന്‍ രാജ്യത്ത് ബോധപൂര്‍വം നടത്തുന്ന വര്‍ഗീയഅതിക്രമങ്ങള്‍ക്കെതിരേ ദേശീയപ്രക്ഷോഭമാരംഭിക്കും. ജൂലൈ അഞ്ച് മുതല്‍ പന്ത്രണ്ട് വരെ രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ നടത്തും.
രാജ്യത്ത് സംഘ്പരിവാര്‍ അതിക്രമങ്ങളുടെ ഏറ്റവും പുതിയ ഇരയാണ് ജുനൈദ്. മുസ്‌ലിം-ദലിത് അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുന്നില്ല. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് താല്‍പര്യവുമില്ല. സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് കപടദേശീയതക്കെതിരേ രാജ്യവ്യാപകമായി ബഹുജനസംഗമങ്ങള്‍ നടത്തും. കേരളത്തില്‍ തിരൂരിലായിരിക്കും സംഗമം നടക്കുകയെന്നും റിയാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം.ബി ഫൈസല്‍, അബ്ദുല്ല നവാസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."