ഡെങ്കിപ്പനി പ്രതിരോധം; പള്ളിക്കലില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്
പള്ളിക്കല്‍: ഡെങ്കിപ്പനി പ്രതിരോധന പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
വെള്ളക്കെട്ടുകളിലെ കൂത്താടികളെ നശിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ വെള്ളം കെട്ടിനില്‍ക്കുന്ന വയലുകളില്‍ കൂത്താടിഭോജികളായ ഗപ്പി മത്സ്യങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി പള്ളിക്കല്‍ബസാര്‍ ടൗണിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, പച്ചക്കറി സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കാര്യമായ മലിനീകരണ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല. ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് ബില്‍ഡിങിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയ അധികൃതര്‍ കച്ചവടക്കാരെ ബോധവല്‍കരിച്ചു. ടൗണിലെ മത്സ്യ മാംസക്കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോഴി വില്‍പന സ്ഥാപനത്തിന്റെ ഉടമയെയെയും ജീവനക്കാരെയും താക്കീത് ചെയ്തു.
പുത്തൂര്‍ തൊട്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മലിന ജലം പൊതു സ്ഥലത്തേക്ക് തുറന്ന് വിട്ടതിന് കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്നും മലിനീകരണം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പരിശോധനക്ക് എച്ച്.ഐ ടി ശ്രീജാ നോബിള്‍, ജെ.എച്ച്.ഐ മുഹമ്മദ് റഊഫ്, ടി അബ്ദുല്‍ അസീസ്, കെ.കെ അബ്ദുറഹിമാന്‍, ജിജിമോള്‍, കെ.കെ വൃന്ദ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."