അനധികൃത ടാക്‌സികള്‍ പെരുകുന്നു; ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്
തിരൂര്‍: അനധികൃത ടാക്‌സികളുടെ പെരുപ്പം കാരണം ഉപജീവനം പ്രതിസന്ധിയിലായ തിരൂരിലെ ടാക്‌സി ഡ്രൈവര്‍മാര്‍ സമരരംഗത്തേയ്ക്ക്. ഇക്കഴിഞ്ഞ പെരുന്നാളിന് പോലും വേണ്ടത്ര ഓട്ടം കിട്ടാതെ വലഞ്ഞതോടെയാണ് ടാക്‌സി ഡ്രൈവര്‍മാര്‍ റോഡ് ഉപരോധം അടക്കമുള്ള സമരമാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. തിരൂര്‍ നഗരത്തിലും പരിസരങ്ങളിലുമായി അനധികൃതമായി സര്‍വിസ് നടത്തുന്ന സ്വകാര്യ വാഹനങ്ങളുടെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ പറഞ്ഞു.
അനധികൃതമായി സര്‍വിസ് നടത്തുന്ന ആഢംബര കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പ്രമുഖരുടേതായതിനാലാണ് നടപടിയുണ്ടാകാത്തതെന്നാണ് ആരോപണം. വെളുത്ത നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ ഓട്ടത്തിന് വിളിച്ചാല്‍ സ്വന്തം വാഹനമെന്ന മട്ടില്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുള്ള ടാക്‌സി വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ ഒട്ടുമിക്കവരും മടിക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍ കള്ളടാക്‌സികളിലെ യാത്രക്കിടയില്‍ അപകടം സംഭവിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് യാത്രക്കാരില്‍ മിക്കവര്‍ക്കും അറിയില്ലെന്നും ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. ഇവരില്‍ പലരും ഉള്ളതു വിറ്റുപെറുക്കിയും ബാങ്ക് വായ്പയെടുത്തും വാഹനം വാങ്ങിയവരാണ്. ഇവരുടെ ജീവിതമാര്‍ഗമാണ് അനധികൃത ടാക്‌സി സര്‍വിസ് തല്ലിക്കെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."