ശാസ്ത്രകൗതുകം തുറന്ന് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം
കണ്ണൂര്‍: ശാസ്ത്ര മികവില്‍ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ രണ്ടാദിനം.
കണ്ണൂര്‍ മുനിസിപ്പല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന വേദിയായി നടക്കുന്ന സംസ്ഥാന ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളയാണ് കുരുന്നു കൗതുകങ്ങളുടെ വിസ്മയ കാഴ്ചകള്‍ തുറന്നിട്ടത്. ഇതോടൊപ്പം സംസ്ഥാനത്തെ ഭിന്നശേഷി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രവൃത്തി പരിചയ മേളയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി മുനിസിപ്പല്‍ സ്‌കൂളിലെ ജൂബിലി ഹാളില്‍ ഒരുക്കിയ വൊക്കേഷനല്‍ എക്‌സ്‌പോയും കാണികള്‍ക്കു കൗതുക കാഴ്ചകള്‍ സമ്മാനിക്കുന്നു.
ഇരുട്ടിലും കരവിരുത്
തീര്‍ത്ത് കുരുന്നുകള്‍
കണ്ണൂര്‍: ശാരീരിക വെല്ലുവിളികള്‍ അതിജീവിച്ചു കലയെ ഒരുപടി ഗ്രഹിച്ച് സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍.
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ 950 വിദ്യാര്‍ഥികളാണ് രണ്ടാംദിനമായ ഇന്നലെ പങ്കെടുത്തത്. കളിമണ്ണ് ഉപയോഗിച്ചുള്ള ശില്‍പ നിര്‍മാണം, മുള ഉപയോഗിച്ചുള്ള കുട്ടമടയല്‍, ചിരട്ട കൊണ്ടുള്ള ഉപകരണങ്ങള്‍, വല നിര്‍മാണം, ബാഗ് നിര്‍മാണം തുടങ്ങി വ്യത്യസ്ത ഉല്‍പന്നങ്ങളാണ് കുരുന്നുകളുടെ കരവിരുതില്‍ തീര്‍ത്തത്.
രാവിലെ പത്തിന് തുടങ്ങിയ മത്സരത്തില്‍ ഉച്ചവരെ ക്ഷമയോടെയാണ് വിദ്യാര്‍ഥികള്‍ പണിപ്പുരയില്‍ സമയം ചെലവിട്ടത്.
കുരുന്നുശാസ്ത്ര
ലോകത്തേക്ക് നയിച്ച് എക്‌സ്‌പോ
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി വൊക്കേഷനല്‍ എക്‌സ്‌പോ തുറന്നിട്ടതു കുരുന്നുമനസിലെ ശാസ്ത്രലോകങ്ങളുടെ നേര്‍ക്കാഴ്ചയിലേക്ക്.
വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന മുപ്പത്തിയഞ്ചോളം കോഴ്‌സുകളുമായി ബന്ധപ്പെടുത്തി മോസ്റ്റ് ഇന്നോവേറ്റീവ്, മോസ്റ്റ് കരിക്കുലം റിലേറ്റഡ്, മോസ്റ്റ് പ്രോഫിറ്റബിള്‍, മോസ്റ്റ് മാര്‍ക്കറ്റബിള്‍ എന്നീ കാറ്റഗറിയിലാണ് മത്സരങ്ങള്‍ നടന്നത്. മോസ്റ്റ് മാര്‍ക്കറ്റബിള്‍ വിഭാഗത്തില്‍ തൃശൂര്‍ നാട്ടകം ജി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും കൊല്ലം ഉമ്മന്നൂര്‍ സെന്റ് ജോണ്‍സ് വി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും നേടി. മോസ്റ്റ് പ്രോഫിറ്റബിള്‍ വിഭാഗത്തില്‍ കോന്നി ചെങ്ങന്നൂര്‍ റിപ്പബ്ലിക്കന്‍ വി.എച്ച്.എസ്.എസിനാണ് ഒന്നാംസ്ഥാനം. വടകര മടപ്പള്ളി ജി.വി.എച്ച്.എസ്.എസിനാണു രണ്ടാംസ്ഥാനം. മോസ്റ്റ് കരിക്കുലം വിഭാഗത്തില്‍ മൂവാറ്റുപുഴ ജി.വി.എച്ച്.എസ്.എസ് ഒന്നാംസ്ഥാനവും തൃശൂര്‍ ചേര്‍പ്പ് ജി.വി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.മോസ്റ്റ് ഇന്നോവേറ്റീവ് വിഭാഗത്തില്‍ പൊന്‍കുന്നം ജി.വി.എച്ച്.എസ്.എസ് ഒന്നാംസ്ഥാനവും ഇരിങ്ങാലക്കുട മോഡല്‍ ബോയ്‌സ് വി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും നേടി. സര്‍ട്ടിഫിക്കറ്റുകള്‍ ഡോ. എ. ഫാറൂഖ് വിതരണം ചെയ്തു.
നവകേരളം കെട്ടിപ്പടുക്കാന്‍
ഇവര്‍ ഇവിടെയുണ്ട്
കണ്ണൂര്‍: പ്രളയദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തിന് പുതുവെളിച്ചവുമായി മലപ്പുറം കുറ്റിപ്പുറം ജി.എച്ച്.എച്ച്.എസിലെ കെ.എം ആദിലയും സി.വി ഷാഹില ഷെറിനും.
ഇത്തവണ നവകേരളത്തിനായി എന്ന തലവാചകത്തിലാണ് സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ഇവര്‍ ശ്രദ്ധേയമായത്. ഹാന്‍ഡ്ല്‍ വിത്ത് കെയര്‍ എന്ന സമന്വയ പ്ലാന്റാണ് പുതിയ നവകേരള സൃഷ്ടിക്കായി ഇവര്‍ തെരഞ്ഞെടുത്തത്. പ്രളയത്തിനു ശേഷമുള്ള മാലിന്യങ്ങള്‍ ഈ സമന്വയ പ്ലാന്റുകളില്‍ നിക്ഷേപിച്ച് വിവിധ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന രൂപകല്‍പനയിലാണ് പ്ലാന്റ് നിര്‍മിച്ചത്.
അലക്ഷ്യമായി പുറംതള്ളപ്പെട്ട മാലിന്യങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. എല്ലാ രീതിയിലുള്ള സംസ്‌കരണ പ്രവര്‍ത്തനങ്ങളും പ്ലാന്റില്‍ ഒരുക്കിയിട്ടുണ്ട്. മലിനമായ നദികളും കായലുകളും ശുദ്ധീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. മാലിന്യങ്ങള്‍ ജൈവ-അജൈവ മാലിന്യങ്ങളായി തിരിച്ച് ബയോഗ്യാസ്, പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു കഴിഞ്ഞ നാലുവര്‍ഷമായി ശാസ്‌ത്രോത്സവത്തില്‍ എ ഗ്രേഡ് നേടി വിജയം കരസ്ഥമാക്കുന്നത്.
സ്വന്തം സ്‌കൂളും പരിസരവും വൃത്തിയാക്കാന്‍ ഇവര്‍ മുന്നോട്ടുതന്നെയാണ്. ആഴ്ചയില്‍ ഒരുതവണ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ശുചീകരണ പ്രവൃത്തിയില്‍ പങ്കാളികളാകുന്നുണ്ട്.
വാഹനാപകടങ്ങളില്‍ നിന്ന്
രക്ഷിക്കാന്‍ വെഹിക്കിള്‍ ബാലന്‍സര്‍
കണ്ണൂര്‍: വാഹനാപകടങ്ങള്‍ പെരുകിയ കാലത്ത് പരിഹാരമായി പയ്യോളി ജി.വി.എച്ച്.എസ്.എസിലെ ഗോകുല്‍ പി. നായരും ഡി.എസ് ചന്ദനയും.
നാലുമാസത്തെ കഠിന ശ്രമത്തിന്റെ ആശയമാണ് വെഹിക്കിള്‍ ബാലന്‍സര്‍ എന്ന കണ്ടുപിടുത്തം. എല്ലാത്തരം വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്ന ഒരു വ്യത്യസ്തമായ ആശയമാണിത്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ നിയന്ത്രണംതെറ്റി വാഹനം മറിയാന്‍ പോവുകയാണെങ്കില്‍ വെഹിക്കിള്‍ ബാലന്‍സര്‍ പ്രവര്‍ത്തിക്കും. വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള യന്ത്രത്തിലെ മെര്‍ക്കുറിയുടെ പ്രവര്‍ത്തനമാണ് ഇതിനുകാരണം. മെര്‍ക്കുറി ഉപയോഗിച്ച് വാഹനത്തെ നിയന്ത്രിച്ച് പൂര്‍വസ്ഥിതിയിലാക്കും. ആദ്യഘട്ടങ്ങളില്‍ പല വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടേണ്ടി വന്നെങ്കിലും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനം കൊണ്ടാണ് പ്രയത്‌നം വിജയം കണ്ടതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
പെട്രോളിനും ഡീസലിനും വിട
കണ്ണൂര്‍: കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ രക്ഷനേടാന്‍ ഹൈഡ്രജനില്‍ ഓടുന്ന വാഹന എന്‍ജിനുമായി കോട്ടയം സെന്റ് തേരാസാസിലെ ജോപ്പ് ഫിലിപ്പും അലനും.ഹൈഡ്രജന്‍ ഇന്റേര്‍ണല്‍ കോംപ്രസ് പ്രഷര്‍ എന്‍ജിനാണ് ഇവര്‍ പുതുതായി കണ്ടെത്തിയത്. ഒരുപരിധിയില്‍ ഉയര്‍ന്ന സി.സിയുള്ള എന്‍ജിന്‍ നിര്‍മിക്കാന്‍ പറ്റുമെന്നാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."