നിഘണ്ടു
ഒരു ഭാഷയിലേയോ വിഷയത്തിലേയോ വാക്കുകള്‍ അക്ഷരവിന്യാസത്തില്‍ അടുക്കിവച്ച് അര്‍ഥവും ഉച്ചാരണവും പ്രയോഗഭേദങ്ങളും രേഖപ്പെടുത്തിവച്ചിട്ടുള്ള അവലംബ ഗ്രന്ഥമാണ് നിഘണ്ടു. അക്കാഡിയന്‍ സാമ്രാജ്യത്തിലെ ക്യൂനിഫോം പട്ടികകളെയാണ് അറിയപ്പെടുന്നതില്‍ ഏറ്റവും പ്രാചീനമായ നിഘണ്ടുവെന്ന് കണക്കാക്കപ്പെടുന്നു. സുമേറിയന്‍-അക്കാഡിയന്‍ പദാവലി മാത്രമായിരുന്നു അവയിലുണ്ടായിരുന്നത്. മെസപ്പൊട്ടോമിയയില്‍നിന്നു ലഭിച്ച അവയ്ക്ക് ബി.സി ഏഴാം നൂറ്റാണ്ടോളം പഴക്കമുണ്ടെന്നു ഗവേഷകര്‍ പറയുന്നു.
വിവിധ ഭാഷകളില്‍
എ.ഡി ഒന്നാം ശതകത്തിലാണ് ഗ്രീക്ക് ഭാഷയില്‍ ആദ്യത്തെ നിഘണ്ടുവിന്റെ വരവ്. അലക്‌സാണ്ട്രിയയിലെ പാംഫിലസ് തയാറാക്കിയ നിഘണ്ടുവാണിത്. ദ് ലിംഗ്വ ലാറ്റിന എന്ന മാര്‍ക്കസ്‌ടെ ടെറെന്റിയസ് വാറോയുടെ നിഘണ്ടുവാണ് ലാറ്റിനിലെ ആദ്യത്തെ നിഘണ്ടു. ബി.സി 682 ലാണ് ജപ്പാന്‍ ഭാഷയില്‍ നിഘണ്ടു ഉണ്ടാകുന്നത്. എ.ഡി 8-10 ശതകങ്ങള്‍ക്കിടയില്‍ അറബിയില്‍ നിഘണ്ടുവുണ്ടായി. 1480ല്‍ പുറത്തിറങ്ങിയ നിഘണ്ടുവാണ് ആദ്യത്തെ ഇംഗ്ലിഷ് ഫ്രഞ്ച് നിഘണ്ടു. ഫിലിറ്റസ് ഓഫ് കോസിനന്റെ ചിട്ടയില്ലാത്ത വാക്കുകള്‍, ക്രിസ്തുവര്‍ഷം നാലാം ശതകത്തിലെ അമരസിംഹന്റെ അമരകോശവും പ്രാചീന കാലത്തിലെ സുപ്രധാന നിഘണ്ടുക്കളാണ്. മധ്യയുഗത്തില്‍ ഹോണ്ടിയസും ഹെസിക്കിയസും രചിച്ച നിഘണ്ടുക്കളും പ്രാചീനമായവ തന്നെ.
എലിമെന്ററി
1592 ല്‍ പുറത്തിറങ്ങിയ എലിമെന്ററിയാണ് ആദ്യത്തെ ഇംഗ്ലീഷ് നിഘണ്ടുക്കളില്‍ ശ്രദ്ദേയമായവ. റിച്ചാര്‍ഡ് മുള്‍കാസ്റ്റര്‍ തയാറാക്കിയതാണ് ഈ നിഘണ്ടു. എ ടേബിള്‍ ആള്‍ഫബെറ്റിക്കല്‍ ആണ് ഇംഗ്ലിഷിലെ ആദ്യത്തെ ശുദ്ധ അകാരാദി നിഘണ്ടു. എ.ഡി 1604 റോബര്‍ട്ട് കൗഡ്രേ എന്ന സ്‌കൂള്‍ അധ്യാപകനാണ് ഈ നിഘണ്ടു തയാറാക്കിയത്. രണ്ടു നൂറ്റാണ്ടിനു ശേഷം പുറത്തിറങ്ങിയ ചേംബേഴ്‌സ് ഡിക്ഷനറി നിഘണ്ടുക്കളില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. 1832 ല്‍ റോബര്‍ട്ട് ചേംബേഴ്‌സും വില്യം ചേംബേഴ്‌സും ചേര്‍ന്നാണ് ഈ നിഘണ്ടു തയാറാക്കിയത്.
ഓക്‌സ്ഫഡ് ഡിക്ഷ്‌നറി
ഇരുപതു വാല്യങ്ങളുള്ള ഓക്‌സ്ഫഡ് ഡിക്ഷ്‌നറി ലോകത്തെ മഹാ നിഘണ്ടുക്കളില്‍ ശ്രദ്ധേയമാണ്. ഓക്‌സ്ഫഡ് ഇംഗ്ലിഷ് ഡിനറിയുടെ എഡിറ്ററായി ലണ്ടന്‍ ഫിലോളജിക്കല്‍ സൊസൈറ്റിയിലെ ഡോ.ജെയിംസ് മുറെ
നിയമിതനാകുന്നത് 1870 ല്‍ ആണ്. ആവര്‍ഷം അദ്ദേഹം ഡിക്ഷ്‌നറിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ വാക്കുകള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞ് പത്രത്തിലൊരു പരസ്യം നല്‍കി. വാക്കുകള്‍ മാത്രമല്ല അവയുടെ അര്‍ഥവും ആഗമനവും ഉച്ചാരണവ്യതിയാനങ്ങളൊക്കെ ഓക്‌സ്ഫഡ് ഇംഗ്ലിഷ് ഡിക്ഷ്‌നറിയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെയിരിക്കേ പരസ്യം കണ്ട് ഡോ. ചെസ്റ്റര്‍ മൈനര്‍ എന്നൊരാളുടെ കത്ത് അദ്ദേഹത്തെ തേടിയെത്തി. തനിക്ക് പതിനാറും പതിനേഴും നൂറ്റാണ്ടിലെ ഇംഗ്ലീഷ് കൃതികള്‍ പരിചയമുണ്ടെന്നും അവയില്‍നിന്നുള്ള ഏതാനും വാക്കുകള്‍ അയച്ചു തരാമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. അതു വെറും തമാശയായി കണ്ട ഡോ.മുറെയെ തേടി പിന്നീടുള്ള പതിനേഴു വര്‍ഷക്കാലം നിരവധി കത്തുകള്‍ വന്നു. അവയിലെല്ലാം മുറെയ്ക്കാവശ്യമായ ലക്ഷക്കണക്കിന് വാക്കുകളുണ്ടായിരുന്നു. ഇത്രയും വാക്കുകള്‍ അയച്ച ആളെ ഡോ.മുറൈ ഓക്‌സ്ഫഡിലേക്ക് പലതവണ ക്ഷണിച്ചു. പക്ഷെ അദ്ദേഹം വന്നില്ല. ഒടുവില്‍ ഡോ. ചെസ്റ്റര്‍ മൈനറെ തേടി ഡോ.മുറെ സ്ഥിരമായി കത്തു വരാറുള്ള ക്രോതോണ്‍ എന്ന സ്ഥലത്തേക്കു പോയി. അവിടെ അദ്ദേഹത്തിനു കാണാനായത് മാനസികാരോഗ്യ ജയിലില്‍ കിടക്കുന്ന ഒരു കഷണ്ടിക്കാരനെയായിരുന്നു. ഭ്രാന്തനായ ഡോ. ചെസ്റ്റര്‍ മൈനറുടെ പരന്ന വായനയില്‍നിന്നാണ് ഓക്‌സ്ഫഡ് ഡിക്ഷ്‌നറിക്ക് അനേകം വാക്കുകള്‍ ലഭ്യമായതെന്ന് ഡോ.മുറെ മനസിലാക്കുകയും അദ്ദേഹത്തെ ഭ്രാന്തന്മാരുടെ ജയിലില്‍നിന്നു മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഭ്രാന്ത് മൂത്ത് ഒരാളെ കൊലപ്പെടുത്തി എന്നതായിരുന്നു ചെസ്റ്റര്‍ മൈനര്‍ക്കെതിരേയുള്ള കേസ്. 1910 ല്‍ വിസ്റ്റണ്‍ ചര്‍ച്ചിലിന്റെ ഭരണ കാലത്ത് ഡോ. ചെസ്റ്റര്‍ മൈനറെ ശിക്ഷയിളവു ചെയ്ത് അമേരിക്കയിലേക്കു നാടു കടത്തി. പിന്നീട് മരണം വരെ പല ഭ്രാന്താശുപത്രികളിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ദി പ്രൊഫസര്‍ ആന്‍ഡ് ദി മാഡ് മാന്‍ എന്ന ഗ്രനഥത്തില്‍ ഈ കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.
മലയാളത്തിന്റെ
നിഘണ്ടു
ക്രൈസ്തവ പുരോഹിതനായ അര്‍ണോസ് പാതിരിയുടെ വൊക്കാബുലാറിയം മലബാറിക്കോ ലുസിതാനം എന്ന മലയാളം- പോര്‍ച്ചുഗീസ് നിഘണ്ടുവാണ് മലയാളത്തിലെ ആദ്യകാല നിഘണ്ടുക്കളില്‍ ശ്രദ്ധേയമായത്. ഗ്രീക്ക് യൂറോപ്യന്‍ അക്ഷരമാല ക്രമമാണ് ഈ നിഘണ്ടുവില്‍ ഉപയോഗിച്ചിട്ടുള്ളത്. പതിനാലായിരത്തോളം പദങ്ങള്‍ വിവരിക്കുന്ന ഈ നിഘണ്ടു ആദ്യ കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായില്ല. വര്‍ഷങ്ങള്‍ക്കു ശേഷം വത്തിക്കാന്‍ ലൈബ്രറിയില്‍നിന്ന് ഉലഹന്നാന്‍ മാപ്പിള ഡിക്ഷ്‌നറിയുടെ കൈയെഴുത്തു പ്രതി സമ്പാദിച്ച് എസ്.ഗുപ്തന്‍ നായരുടെ അവതാരികയും പോര്‍ച്ചുഗീസ് ഭാഷയിലെ അര്‍ഥങ്ങള്‍ക്ക് ബെര്‍നാഡ് ഫെന്റെ ഇംഗ്ലീഷ് വ്യഖ്യാനവും ചേര്‍ത്ത് 1988 ല്‍ കേരളസാഹിത്യ അക്കാദമിയാണ് ഈ നിഘണ്ടു പുറത്തിറക്കിയത്.
ആദ്യത്തെ
മലയാള നിഘണ്ടു
ബെഞ്ചമിന്‍ ബെയ്‌ലിയുടെ എ ഡിക്ഷ്‌നറി ഓഫ് ഹൈ ആന്‍ഡ് കൊളോക്യല്‍ മലയാളം ആന്‍ഡ് ഇംഗ്ലീഷ് നിഘണ്ടു(1846) ആണ് മലയാളത്തില്‍ പ്രസിദ്ധീകൃതമായ ആദ്യത്തെ നിഘണ്ടു. നാലായിരത്തോളം മലയാള പദങ്ങള്‍ക്ക് ഇംഗ്ലീഷ് അര്‍ഥം നല്‍കിയിരിക്കുന്ന ഈ നിഘണ്ടു വിദേശികള്‍ക്ക് മലയാള ഭാഷയില്‍ അറിവുണ്ടാക്കാനാണ് തയാര്‍ ചെയ്തതെന്ന് ഗ്രന്ഥകര്‍ത്താവ് ആമുഖത്തില്‍ പറയുന്നുണ്ട്. പല ന്യൂനതകളും ഈ നിഘണ്ടുവിനുള്ളതായി ഗവേഷകര്‍ പറയുന്നുണ്ട്. മലയാള ഭാഷയിലെ പല വാക്കുകളും ഇതിലില്ല. നിഘണ്ടുവിന്റെ പരിഷ്‌കരിച്ച പതിപ്പ് 1970 ല്‍ പുറത്തിറങ്ങി. സംസ്‌കൃതത്തില്‍നിന്നു മലയാളം സ്വീകരിച്ച പദങ്ങളും ദ്രാവിഡ ഭാഷഗോത്രത്തില്‍ നിന്നുള്ള പദങ്ങളും വേര്‍തിരിച്ചാണ് ഈ നിഘണ്ടു തയാറാക്കിയത്. ബെയ്‌ലിയുടെ നിഘണ്ടുവിനു ശേഷം 1865 ല്‍ റിച്ചാര്‍ഡ് കോളിന്‍സും 1870 ല്‍ തോബിയാസ് സക്കറിയാസും ചേര്‍ന്ന് മലയാള നിഘണ്ടു പ്രസിദ്ധീകരിച്ചു. ഈ നിഘണ്ടുവിന്റെ പോരായ്മകള്‍ പരിഹരിച്ചാണ് ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് 1872 ല്‍ എ മലയാളം ആന്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്‌നറി തയാറാക്കിയത്. എം.ആര്‍ പിള്ളയുടെ ശബ്ദതാരാവലി, മണ്ണൂര്‍ പത്മനാഭപിള്ളയുടെ ശബ്ദമുക്താവലി, എം.ആര്‍ നാരായണ പിള്ളയുടെ ശബ്ദരത്‌നാവലി, ടി.രാമലിംഗപിള്ളയുടെ മലയാള ശൈലി നിഘണ്ടു, ടി കരുണാകരപണിക്കരുടെ എ.ആര്‍.പി ഭാഷ നിഘണ്ടു, കെ രാമന്‍ മേനോന്റെ വിദ്യാര്‍ഥി നിഘണ്ടു, ആര്‍ നാരായണ പണിക്കരുടെ നവയുഗഭാഷ നിഘണ്ടു, വി മുഹമ്മദിന്റെ അറബി മലയാള ഭാഷ നിഘണ്ടു, കാണിപ്പയ്യൂരിന്റെ സംസ്‌കൃത മലയാള നിഘണ്ടു എന്നിവയൊക്കെ ആദ്യകാല മലയാള നിഘണ്ടുക്കളാണ്.
ശബ്ദതാരാവലിയും
ശ്രീകണ്‌ഠേശ്വരവും
1923 ല്‍ പ്രസിദ്ധീകരിച്ച ശ്രീകണ്‌ഠേശ്വരന്‍ ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലിയാണ് മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ നിഘണ്ടു. 22 ഘട്ടങ്ങളായി പ്രസിദ്ധീകരണം നടത്തിയാണ് ശബ്ദതാരാവലി പൂര്‍ത്തിയാക്കിയത്. മലയാള മാസം 1072 മുതല്‍ 1092 വരെയുള്ള ഇരുപതു വര്‍ഷക്കാലത്തെ അധ്വാനം കൊണ്ടാണ് ശബ്ദതാരാവലി പൂര്‍ത്തിയാക്കിയതെന്ന് ഗ്രന്ഥകാരന്‍ ഒന്നാം പതിപ്പിനെഴുതിയ ആമുഖത്തില്‍ പറയുന്നുണ്ട്. എങ്കിലും അവ പുറത്തിറങ്ങാന്‍ പിന്നെയും സമയം വേണ്ടി വന്നു. 32 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ശബ്ദതാരാവലിയുടെ നിര്‍മാണം ആരംഭിച്ചത്. 58 വയസുള്ളപ്പോഴാണ് ശ്രീകണ്‌ഠേശ്വരന്‍ ജി പത്മനാഭപിള്ള അത് കൈരളിക്ക് സമര്‍പ്പിച്ചത്. 22 രൂപയായിരുന്നു ആദ്യപതിപ്പിന്റെ വില. മലയാള ഭാഷയ്ക്ക് ശബ്ദതാരാവലിയെന്ന് മഹത് ഗ്രന്ഥം സംഭാവന ചെയ്യാന്‍ ശ്രീകണ്‌ഠേശ്വരന്‍ ജി പത്മനാഭപിള്ളക്ക് ത്യാഗങ്ങളേറെ സഹിക്കേണ്ടി വന്നു. 1600 പുറമുള്ള ശബ്ദതാരാവലി പുറത്തിറക്കാന്‍ പ്രസാധനെ ലഭിക്കാതെ വന്നപ്പോള്‍ സ്വന്തമായി അച്ചടിക്കാന്‍ തന്നെ തീരുമാനിച്ചു. മാസികാ രൂപത്തില്‍ രണ്ടു മാസം ഇടവിട്ട് ഓരോ ലക്കം പുറത്തിറക്കാനാണ് തീരുമാനിച്ചത്. അങ്ങനെ കൊല്ലവര്‍ഷം 1093 തുലാം മാസത്തില്‍ (എ.ഡി.1917) ആദ്യത്തെ ലക്കം പുറത്തിറങ്ങി.
1098 മീന മാസത്തില്‍ 22 ലക്കവും പുറത്തു വന്നതോടുകൂടി ശബ്ദതാരാവലി പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യ പതിപ്പിലെ 500 കോപ്പി കഷ്ടിച്ച് വിറ്റ് പോയെന്നെ പറയാന്‍ പറ്റുകയുള്ളൂ. ഗ്രന്ഥകാരനെ സഹായിക്കാന്‍ തിരുവിതാം കൂര്‍ ഗവര്‍മെന്റ് മുപ്പത് കോപ്പി വാങ്ങി. അതുപോലെ കൊച്ചി ഗവണ്‍മെന്റും നാല്‍പ്പത് കോപ്പി വാങ്ങി. നിഘണ്ടു നിര്‍മാണം പൂര്‍ത്തിയാക്കിയ കാലയളവില്‍ അദ്ദേഹം സാമ്പത്തികമായി വളരെയേറെ പ്രയാസം അനുഭവിച്ചു. നിഘണ്ടു നിര്‍മാണത്തിന് വേണ്ടി വക്കീല്‍പ്പണി ഉപേക്ഷിക്കേണ്ടി വന്നു. കണ്ടെഴുത്ത് വകുപ്പിലുണ്ടായിരുന്ന ജോലിയും നിഘണ്ടു നിര്‍മാണത്തിനു വേണ്ടി രാജിവയ്‌ക്കേണ്ടി വന്നു. കൂടുതല്‍ പദങ്ങള്‍ ചേര്‍ത്ത് 1100 രണ്ടാം പതിപ്പിന്റെ ശ്രമങ്ങള്‍ ആരംഭിക്കുകയും 1106 ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
1114 ല്‍(എ.ഡി 1938) ആണ് മൂന്നാം പതിപ്പ് പൂര്‍ത്തീകരിച്ചത്. ഇന്നു കാണുന്ന രീതിയിലുള്ള ഒറ്റപ്പതിപ്പ് ആദ്യമായി പുറത്തിറങ്ങിയത് 1939 ല്‍ ആണ്. കീശാ നിഘണ്ടു, വിജ്ഞാന രത്‌നാവലി, മലയാള വ്യാകരണം, പഴയ മലയാളം പോക്കറ്റ് നിഘണ്ടു തുടങ്ങിയ വൈജ്ഞാനികഗ്രന്ഥങ്ങളെ മലയാളത്തിന് സംഭാവന ചെയ്ത ശ്രീകണ്‌ഠേശ്വരന്‍ ജി പത്മനാഭപിള്ള കനകലാ സ്വയം വരം (നാടകം), കേരള വര്‍മ ചരിത്രം(മണി പ്രവാളം), കുചേല വൃത്തം (താരാട്ട്) വിദ്യാധനം (ഗദ്യം) തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള മുപ്പത്തഞ്ചോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ്.
ടി രാമലിംഗപിള്ള
ഇന്ന് ലഭ്യമായ പ്രസിദ്ധമായ നിഘണ്ടുക്കളിലൊന്നാണ് ടി രാമലിംഗപിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു. മുപ്പത്തഞ്ച് വര്‍ഷത്തെ നിരന്തര പരിശ്രമം വേണ്ടി വന്നു ഈ നിഘണ്ടു പൂര്‍ത്തിയാക്കാന്‍. 1956 ല്‍ 77 ാമത്തെ വയസിലാണ് അദ്ദേഹം നിഘണ്ടു പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."