രാജിവച്ച നടിമാര്‍ വന്നാല്‍ തിരിച്ചെടുക്കും: മോഹന്‍ലാല്‍
കൊച്ചി: താരസംഘടനയായ അമ്മയില്‍നിന്ന് രാജിവച്ച നടിമാര്‍ വന്നാല്‍ തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ നടിമാര്‍ ഉന്നയിച്ച പരാതികള്‍ ചര്‍ച്ച ചെയ്തില്ല. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അമ്മയുടെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന ഷോയെപ്പറ്റിയാണ് ചര്ച്ചയുണ്ടായതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്മയില്‍നിന്ന് രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. നടക്കാന്‍ പോകുന്ന ഷോ കഴിഞ്ഞിട്ട് മാത്രമെ ഇക്കാര്യം ചര്‍ച്ച ചെയ്യൂ. രാജിവച്ചവര്‍ വന്നാല്‍ അവരെ തിരിച്ചെടുക്കണമെന്നാണ് നിലപാടെന്ന് ചോദ്യത്തിനു മറുപടിയായി മോഹന്‍ലാല്‍ വിശദീകരിച്ചു. മാപ്പു പറയാതെ അവരെ തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് മാപ്പ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന കാര്യമാണെന്നും എല്ലാറ്റിനും അതു പറയണോയെന്നും മോഹന്‍ലാല്‍ ചോദിച്ചു.
മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) ഹൈക്കോടതിയില്‍ നല്കിയ പരാതിയെ നിയമപരമായി നേരിടും. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ നടക്കുന്നുണ്ട്. അതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."