പകര്‍ച്ചപ്പനി: സര്‍വകക്ഷി യോഗത്തില്‍ യു.ഡി.എഫിനു ക്ഷണമില്ല
കുന്നുംകൈ: ജില്ലയില്‍ പകര്‍ച്ചപ്പനി രൂക്ഷമായ വെസ്റ്റ്എളേരി പഞ്ചായത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും രണ്ടാം ഘട്ട ശുചീകരണത്തിനു തുടക്കം കുറിക്കുന്നതിനുമായി പഞ്ചായത്ത് ഭരണസമിതി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫിനു ക്ഷണമില്ല. കഴിഞ്ഞ ദിവസമാണു വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം വിളിച്ചത്. എന്നാല്‍ യു.ഡി.എഫ് നേതാക്കളേയും വ്യാപാരി വ്യവസായി പ്രതിനിധികളേയും മറ്റും ക്ഷണിക്കാതെയാണ് യോഗം നടത്തിയതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. നാട് പനിച്ചു വിറക്കുമ്പോഴും പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയം കളിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമായി.
പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കാന്‍ യാതൊരു നടപടിയും ആരോഗ്യ വകുപ്പും പഞ്ചായത്തും സ്വീകരിച്ചിട്ടില്ലെന്നു യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനു പരാതി നല്‍കുമെന്നും ഓരോ വാര്‍ഡുകളിലും സ്വന്തം നിലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ എം. അബുബക്കര്‍ അധ്യക്ഷനായി. കെ.ജെ വര്‍ക്കി, ജാതിയില്‍ അസിനാര്‍, ജോയി കിഴക്കരക്കാട്ട്, ബിജു ഏലിയാസ്, പി.സി ഇസ്മായില്‍, ഏലമ്മ ജോണ്‍, പി. ഉമര്‍ മൗലവി, എ.വി അബ്ദുല്‍ ഖാദര്‍, എ. ദുല്‍ക്കിഫിലി സംബന്ധിച്ചു. അതേസമയം യോഗം പെട്ടെന്ന് വിളിച്ച് കൂട്ടണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും ജീവനക്കാരുടെ കുറവും കാരണമാണ് പലരെയും ക്ഷണിക്കാന്‍ സാധിക്കാതെ വന്നതെന്നു പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."