അമ്പായത്തോട് മിച്ച ഭൂമി വീണ്ടും സമരഭൂമിയാകുന്നു
താമരശ്ശേരി: അമ്പായത്തോട് മിച്ച ഭൂമി സമരം നടന്ന പ്രദേശം വീണ്ടും സമരങ്ങളുടെ വേദിയാകുന്നു. സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കിയ മിച്ചഭൂമി ഉടമകള്‍ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവായതോടെ പ്രതിരോധിക്കാനുറച്ച് കോളനി നിവാസികളും രംഗത്തെത്തിയിട്ടുണ്ട്.
ഭൂമി ഒഴിയാനുള്ള നോട്ടിസ് പതിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ കൈവശക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയാണ് രാരോത്ത് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം നോട്ടിസ് നല്‍കാന്‍ എത്തിയത്. ഇവരെ കോളനി കവാടത്തില്‍ തന്നെ പ്രാദേശിക സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ തടയുകയും തിരിച്ചയക്കുകയുമായിരുന്നു.
ആദ്യകാല ജന്‍മിയായിരുന്ന ജോളി തോമസിന്റെ ഉടമസ്ഥതയില്‍ അമ്പായത്തോട്ടിലുണ്ടായിരുന്ന 126 ഏക്കര്‍ ഭൂമിയില്‍ വര്‍ഷങ്ങളോളം നടന്ന കുടില്‍ കെട്ടി സമരത്തിനൊടുവിലാണ് ഭൂമി വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് പിടിച്ചെടുത്ത് കുടിയേറ്റക്കാര്‍ക്ക് പതിച്ചു നല്‍കിയത്. 510 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇതില്‍ 394 പേര്‍ക്ക് താല്‍ക്കാലിക പട്ടയം അനുവദിച്ചു. ഭൂവുടമകള്‍ക്ക് അനുകൂലമായുണ്ടായ ഹൈക്കോടതി വിധിക്കെതിരേ വി.എസ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചാണ് താല്‍ക്കാലിക പട്ടയം നല്‍കിയത്. ശേഷിച്ച 116 കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കൈവശം ഒഴിപ്പിക്കണമെന്ന ജോളി തോമസിന്റെ മക്കളുടെ വാദം സുപ്രിം കോടതി അംഗീകരിച്ചത്.
126 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാനാണ് ഉത്തരവെങ്കിലും നേരത്തെ താല്‍ക്കാലിക പട്ടയം നല്‍കിയ ഭൂമിക്ക് ഉത്തരവ് ബാധകമാവില്ലെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ഏക്കറോളം ഭൂമിയിലെ താമസക്കാര്‍ക്ക് മാത്രമാണ് റവന്യൂ വകുപ്പ് നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചത്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് നോട്ടിസ് നല്‍കാന്‍ പോയതെന്ന് താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് പറഞ്ഞു. നാട്ടുകാരുടെ പ്രതിരോധം സംബന്ധിച്ച് ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താമസക്കാരെ ഒഴിപ്പിക്കാന്‍ വരുന്ന ഉദ്യോഗസ്ഥരെ കോളനിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് കോളനി നിവാസികളുടെ തീരുമാനം. സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ അമ്പായത്തോട് മിച്ച ഭൂമി സമരം സുപ്രിംകോടകതിയുടെ പുതിയ ഉത്തരവോടെ വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."