പാതയോരത്ത് തള്ളിയ മാലിന്യം നാട്ടുകാര്‍ തിരികെ കോരിച്ചു
വണ്ടൂര്‍: ടൗണിലെ ഓടകള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി കോരിയെടുത്ത മാലിന്യം വാണിയമ്പലം തച്ചംങ്ങോട് പാതയോരത്ത് തള്ളിയത് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ പൊലിസ് ഇടപെട്ട്് മാലിന്യം തിരികെ കോരിച്ചു.
ടൗണിലെ ഓവുചാലുകളില്‍ മാലിന്യം കുമിഞ്ഞ് കൂടിയത് കാരണം മഴപെയ്തതോടെ ടൗണ്‍ വെള്ളത്തിലായിരുന്നു. എന്നാല്‍ മഴപെയ്ത് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട് ഗതാഗത തടസ്സമുണ്ടായിട്ടും വണ്ടൂര്‍ ടൗണിലെ ഓടകള്‍ വൃത്തിയാക്കിയിരുന്നില്ല. തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് ബുധനാഴ്ച രാവിലെ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കാളികാവ് റോഡിലെ ഓടകളില്‍ നിന്ന് മാലിന്യം കോരിത്തുടങ്ങിയത്.
ഈ മാലിന്യമാണ് ടിപ്പര്‍ ലോറിയില്‍ മരുതുങ്ങലിലെ പാതയോരത്ത് തള്ളിയത്. മാലിന്യം തള്ളിയതോടെ സ്ഥലത്ത് രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മാലിന്യം തള്ളി തിരിച്ചുപോകാന്‍ ശ്രമിക്കുന്ന വാഹനം തടഞ്ഞിടുകയും വിവരം പോലിസില്‍ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് മാലിന്യം തിരികെകോരി കൊണ്ടുപോകണമെന്ന് പോലീസ് നിര്‍ദേശിക്കുകയായിരുന്നു.
പകര്‍ച്ചവ്യാധികളടക്കം പടര്‍ന്ന് പിടിക്കുന്ന സമയത്താണ് അധികൃതര്‍ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഇതിന് മാറ്റം വന്നില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, വണ്ടൂര്‍ നിംസ് ആശുപത്രിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് മാലിന്യം തള്ളാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."