ഓ... ക്യാപ്റ്റന്‍
രാജ്കോട്ട്: തന്റെ 100ാം ടി20 മത്സരം അവിസ്മരണീയമാക്കി ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. രാജ്കോട്ടില്‍ വെടിക്കെട്ട് പൂരം സമ്മാനിച്ച നായകന്റെ മികവില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആറു വിക്കറ്റിന് 153 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റിന് 15.4 ഓവറില്‍ ലക്ഷ്യം കണ്ടു. ഇതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1 ന് സമനിലയിലാക്കി. വെറും 43 പന്തില്‍ 85 റണ്‍സെടുത്താണ് ടി20യില്‍ 100 മത്സരം തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോര്‍ഡ് രോഹിത് സ്വപ്നതുല്യമാക്കിയത്. താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നതാവട്ടെ, ആറ് വീതം കണ്ണഞ്ചിപ്പിക്കും സിക്സറും ഫോറുകളും.
ആദ്യ മത്സരത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് രണ്ടാം മത്സരത്തില്‍ പതിയെ തുടങ്ങിയ ഇന്ത്യക്ക് വേണ്ടി പിന്നീട് രോഹിത് കത്തിക്കയറുന്നതാണ് കണ്ടത്. ആദ്യ ഓവറിലെ നാലും അഞ്ചും പന്തില്‍ ധവാനാണ് വരവറിയിച്ചതെങ്കിലും തുടര്‍ന്ന് രോഹിത് അപകടകാരിയാവുകയായിരുന്നു. രണ്ടാം ഓവറിലെ ഷഫിയുല്‍ ഇസ്ലാമിന്റെ ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ നായകന് പിന്നീടുള്ള ഓരോ പന്തും ആസ്വദിച്ച് കളിച്ചു. 10ാം ഓവര്‍ എറിയാനെത്തിയ മുസദ്ദഖ് ഹുസൈനെ മൂന്ന് സിക്സറുകളോടെയാണ് രോഹിത് വരവേറ്റത്. ഇതോടെ ഈ ഓവര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 10 ഓവറില്‍ 114 റണ്‍സ്. അടുത്ത 10 ഓവറില്‍ വേണ്ടിയിരുന്നത് 54 റണ്‍സ് മാത്രം. എന്നാല്‍ അടുത്ത ഓവറില്‍ ധവാന് മടങ്ങി. 27 പന്തില്‍ 31 റണ്‍സായിരുന്നു സമ്പാദ്യം. പക്ഷേ, തന്റെ 100ാം മത്സരത്തില്‍ 100 തികയ്ക്കാനായി ബാറ്റ് വീശിയ നായകന് 13ാം ഓവറില്‍ വീണു. ആമിനുല്‍ ഇസ്ലാം എറിഞ്ഞ പന്തിനെ ഉയര്‍ത്തിയടിച്ചെങ്കിലും ബൗണ്ടറി ലൈനില്‍ വച്ച് മുഹമ്മദ് മിതുന്‍ പിടിച്ച് പുറത്താക്കി. തുടര്‍ന്നെത്തിയ ശ്രേയസ് അയ്യറും (13 പന്തില്‍ 24) കെ.എല്‍ രാഹുലുമാണ് (8) ടീമിനെ വിജയത്തിലെത്തിച്ചത്. ആമിനുല്‍ ഇസ്ലാമിനാണ് രണ്ട് വിക്കറ്റും.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിരയില്‍ ലിറ്റന്‍ ദാസ് (21 പന്തില്‍ 29), മുഹമ്മദ് നയീം (31 പന്തില്‍ 36), സൗമ്യ സര്‍ക്കാര്‍ (20 പന്തില്‍ 30), മഹ്മൂദുല്ല (21 പന്തില്‍ 30) തിളങ്ങി. ഇന്ത്യക്ക് വേണ്ടി യുസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."