വരയില്‍വച്ച് റൊണാള്‍ഡോയുടെ ഗോള്‍ 'മോഷ്ടിച്ച്'റംസി; പിന്നാലെ ക്ഷമാപണം
മോസ്കോ: ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ റെക്കോര്‍ഡിലേക്ക് കുതിക്കുകയായിരുന്ന റൊണാള്‍ഡോയുടെ ഗോള്‍ 'മോഷ്ടിച്ച്' സഹതാരം ആരോണ്‍ റംസി. ഇന്നലെ ലോക്കോമോട്ടീവ് മോസ്ക്കോയ്ക്കെതിരായ മത്സരത്തിലായിരുന്നു ഫ്രീ കിക്കിലൂടെ വലയിലേക്ക് കയറേണ്ടിയിരുന്ന റൊണാള്‍ഡോയുടെ പന്ത് ഗോള്‍ ലൈനിനരികില്വച്ച് തൊട്ടു കൊണ്ട് റംസി സ്വന്തം പേരിലാക്കിയത്. പിന്നീട് റംസി ഗോള്‍ 'മോഷ്ടിച്ചതിന്' ക്ഷമ ചോദിക്കുകയും ചെയ്തു.
മത്സരത്തിന്റെ നാലാം മിനുട്ടിലായിരുന്നു റൊണാള്‍ഡോ ആരാധകരെ ഞെട്ടിച്ച സംഭവം ഉടലെടുത്തത്. മത്സരത്തിന്റെ തുടക്കത്തില്‍ യുവന്റസിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്തത് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോക്കോമോട്ടീവ് ബോക്സിനു വെളിയില്‍ ഇടതുപാര്‍ശ്വത്തില്‍ നിന്ന് റെണാള്‍ഡോ തൊടുത്ത പന്ത് സാമാന്യം ഉയര്‍ന്ന് ഗോള്‍പോസ്റ്റിനരികെ താഴ്ന്നിറങ്ങി. പന്ത് കൈപ്പിടിയിലാക്കാന്‍ ശ്രമിച്ച ലോക്കോമോട്ടീവ് ഗോള്‍കീപ്പര്‍ ഗ്വില്ഹേമിന്റെ കൈയില്‍നിന്ന് ചോര്‍ന്ന പന്ത് ഗോള്ലൈനിലേക്കു നീങ്ങുമ്പോഴായിരുന്നു റംസിയുടെ രംഗപ്രവേശം. അനായാസം ഗോളാകുമായിരുന്ന പന്തിനെ ഗോള്‍ലൈനില്‍ വച്ച് റംസി തട്ടി അകത്തിട്ടു. റൊണാള്‍ഡോയുടെ പേരില്‍ കുറിക്കപ്പെടേണ്ടിയിരുന്ന ഗോള്‍ ഇതോടെ റംസിയുടെ പേരിലായി.
ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ വ്യത്യസ്ത ടീമുകള്‍ക്കെതിരേ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് റംസി ഇല്ലാതെയാക്കിയത്. നിലവില്‍ 33 വ്യത്യസ്ത ടീമുകള്‍ക്കെതിരേ ഗോള്‍ നേടിയ റൊണാള്‍ഡോ ഇക്കാര്യത്തില്‍ ലയണല്‍ മെസ്സി, മുന്‍ റയല്‍ താരം കൂടിയായ സ്പെയിനിന്റെ റൗള്‍ ഗോണ്‍സാലസ് എന്നിവര്‍ക്കൊപ്പമാണ്.
അതേസമയം, ആര്‍സനല്‍ ജഴ്സിയില്‍ 2015ല്‍ മൊണാക്കോയ്ക്കെതിരേ ഗോള്‍ നേടിയ ശേഷം ചാംപ്യന്‍സ് ലീഗില്‍ റംസിയുടെ ആദ്യ ഗോളാണിത്. മത്സരശേഷം റംസി ക്ഷമാപണം നടത്തിയത് ഇങ്ങനെ, 'പന്ത് ഗോള്‍കീപ്പറിന്റെ അടുത്താണെന്നാണ് ഞാന്‍ കരുതിയത്. ഗോളി ഡൈവ് ചെയ്ത് പന്തു പിടിച്ചെടുക്കുമെന്ന് കരുതിയാണ് ഗോള്‍ലൈനിനരികെ അതു തട്ടി അകത്തിട്ടത്. എന്തായാലും റൊണാള്‍ഡോയുടെ ഉറച്ച ഗോളവസരം നഷ്ടമാക്കിയതിന് ഞാന്‍ മത്സരശേഷം അദ്ദേഹത്തോടു ക്ഷമ ചോദിച്ചു'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."