കാത്തിരിപ്പുകള്‍ക്കൊടുവില്‍ പനന്തറ പാലം മന്ത്രി നാടിന് സമര്‍പ്പിച്ചു
മാനന്തവാടി: പനന്തറ പാലം മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. വൈകീട്ട് നാലിന് മാനന്തവാടി പേരിയ പനന്തറ പാലത്തിലെത്തിയ മന്ത്രി നാട മുറിച്ച് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മുടങ്ങിക്കിടക്കുന്ന വികസന പ്രവൃത്തികളടക്കം പൂര്‍ത്തിയാക്കി നാടിന്റെ നന്മയ്ക്കായി സമര്‍പ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തുടര്‍ന്നു നടന്ന പൊതുപരിപാടിയില്‍ മന്ത്രി പറഞ്ഞു.
നാല് മീറ്ററില്‍ കൂടുതല്‍ വീതിയുള്ള ജില്ലയിലെ എല്ലാ ഗ്രാമ-നഗര റോഡുകളും ആധൂനിക രീതിയില്‍ വികസിപ്പിക്കുന്നതിനായി പദ്ധതികള്‍ തയാറാക്കുമെന്നും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
മാനന്തവാടി നിയോജകമണ്ഡലത്തിലെ കബനി നദിയുടെ കൈവഴിയായ പേര്യ പുഴക്ക് കുറുകെയാണ് 3.54 കോടി രൂപ ചെലവില്‍ പാലം നിര്‍മിച്ചിരിക്കുന്നത്.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളെയും 22-ാം വാര്‍ഡിനേയും ബന്ധിപ്പിച്ചു കൊണ്ടാണ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി 2016 ആരംഭിച്ചത്. 22.32 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലും ഇരുവശങ്ങളിലും നടപ്പാതയോടു കൂടി ഒറ്റ സ്പാനായിട്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
അടിത്തറ ഒരു മീറ്റര്‍ വ്യാസമുള്ള 16 പൈലുകളോടു കൂടി ബലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആവശ്യമായ സംരക്ഷണ ഭിത്തികളും ഇരുവശങ്ങളിലും 590 മീറ്റര്‍ നീളത്തില്‍ അനുബന്ധ റോഡും നിര്‍മിച്ചിട്ടുണ്ട്.
ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായി. മുന്‍മന്ത്രി പി.കെ ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ എ. പ്രഭാകരന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷ അനീഷാ സുരേന്ദ്രന്‍, പൊതുമരാമത്ത് സുപ്രണ്ടിങ് എന്‍ജിനീയര്‍ പി.കെ മിനി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."