വട്ടിയൂര്‍ക്കാവ് പരാജയത്തില്‍ സംഘടനാപരമായ പാളിച്ചയുണ്ടായി, ജംബോ പട്ടികക്കെതിരേയും സോണിയാ ഗാന്ധിയെ അതൃപ്തി അറിയിച്ച് കെ. മുരളീധരന്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി തോല്‍ക്കാനിടയായ സാഹചര്യത്തില്‍ സംഘടനാപരമായ പാളിച്ചയുണ്ടായതായി കെ. മുരളീധരന്‍ സോണിയാഗാന്ധിയെ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ 14465 വോട്ടിന്റെ ഭൂരപക്ഷത്തിന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് ജയിച്ചതിന് പിന്നാലെ സംഘടനാ സംവിധാനത്തില്‍ പാളിച്ചയുണ്ടായതായി മുരളീധരന്‍ ആരോപിച്ചിരുന്നു.
മുരളീധരന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയായ പീതാംബരക്കുറുപ്പിനെ തള്ളി നേതൃത്വം ഇടപെട്ടാണ് മോഹന്‍ കുമാറിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയത്. ഇതിലുള്ള അതൃപ്തി മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചപ്പോഴാണ് എം.പി കാര്യങ്ങള്‍ ബോധിപ്പിച്ചത്. എന്‍.എസ്.എസിന്റെ പരസ്യമായ പിന്തുണയും ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ഥിയില്‍ നിന്നും അകറ്റാന്‍ കാരണമായി അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം കെ.പി.സി.സി പുനഃ സംഘടനയുമായി ബന്ധപ്പെട്ട് ജംബോ ഭാരവാഹി പട്ടികക്കെതിരേ അതൃപ്തി അറിയിക്കാനും അദ്ദേഹം മറന്നില്ല. ജംബോ പട്ടിക പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയ കാര്യസമിതി അംഗങ്ങളോടൊ, എം.പിമാരോടോ ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."