റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായില്ല; കാര്‍ഡ് വിതരണം പൂര്‍ത്തിയായത് 580 റേഷന്‍കടകളില്‍ മാത്രം
മലപ്പുറം: ജില്ലയില്‍ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായില്ല. ഈ മാസം 25നു മുന്‍പായി മുഴുവന്‍ റേഷന്‍കാര്‍ഡുകളും വിതരണം ചെയ്യണമെന്നാണ് നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍, ഇതുവരെയായി 580 റേഷന്‍കടകളുടെ പരിധിക്കുള്ളില്‍ മാത്രമാണ് വിതരണം നടന്നത്.
ജില്ലയില്‍ ആകെ 1,244 റേഷന്‍കടകളാണുള്ളത്. 3,22,876 കാര്‍ഡുകളുടെ വിതരണമാണ് നടന്നത്. ഈ മാസം ആദ്യം മുതല്‍ വിതരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഒരു മാസമായിട്ടും പകുതി റേഷന്‍കടകളില്‍പോലും വിതരണം പൂര്‍ത്തിയാക്കാനായില്ല. ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്തതു കാരണമാണ് വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെയാണ് റേഷന്‍കാര്‍ഡ് വിതരണം തുടങ്ങിയത്. റേഷന്‍ കടകള്‍ വഴിയാണ് കാര്‍ഡ് വിതരണം നടക്കുന്നത്.
ഓരോ താലൂക്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് വിതരണച്ചുമതല. ഓരോ ഓഫിസിലുമുള്ള ഉദ്യോഗസ്ഥരെ ഓഫിസ് പ്രവര്‍ത്തനം തടസപ്പെടാത്ത രീതിയിലാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവര്‍ ഓരോ റേഷന്‍ കടകളിലുമെത്തി വിതരണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ പേര്‍ക്കും റേഷന്‍കാര്‍ഡ് ലഭിക്കണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടിവരും. മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഈ മാസം ഒന്നിനാണ് പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം തുടങ്ങിയത്. ജില്ലയില്‍ 8.32 ലക്ഷം കാര്‍ഡുകളാണ് വിതരണം ചെയ്യേണ്ടത്.
മുന്‍ഗണനാ ലിസ്റ്റില്‍ 3,38,804, മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തില്‍ 3,35,699, മുന്‍ഗണനേതര സബ്‌സിഡി ഇല്ലാത്തവയില്‍ 1,04,187, എ.എ.വൈ പദ്ധതിയില്‍ 53,319 കാര്‍ഡുകളുമാണ് അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചത്. എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡുകള്‍ക്കു പകരം നാലു നിറങ്ങളിലായാണ് പുതിയ റേഷന്‍കാര്‍ഡ്. ഓരോ റേഷന്‍ കടകളുടെയും റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന തിയതി, സ്ഥലം, സമയം എന്നിവ അതാത് ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ കാര്‍ഡുടമകളെ മുന്‍കൂട്ടി അറിയിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വിതരണ സമയം.
മുന്‍ഗണനാ വിഭാഗത്തിന് അന്‍പതും പൊതുവിഭാഗത്തിന് നൂറും രൂപയാണ് നല്‍കേണ്ടത്. പട്ടികവിഭാഗക്കാര്‍ക്കു സൗജന്യമാണ്. പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനു ജൂലൈ മുതല്‍ അതാത് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ അപേക്ഷ നല്‍കാനുള്ള അവസരമുണ്ട്. പുതുക്കിയ പട്ടികകള്‍ എല്ലാ റേഷന്‍ കടകളിലും അതാത് താലൂക്ക് സപ്ലൈ ഓഫിസുകളിലും പരിശോധനയ്ക്കു ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."