ക്ലബ് കൈവിടാതെ കാന്റെയും മാനെയും
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ലിവര്‍പൂളും ചെല്‍സിയും തങ്ങളുടെ ടീമിന്റെ നെടുംതൂണുകളായ താരങ്ങളെ കൈവിടാതെ കരാര്‍ നീട്ടിനല്‍കി. സെനഗലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറും ലിവര്‍പൂളിന്റെ കുന്തമുനയുമായ സാഡിയോ മാനേക്ക് ദീര്‍ഘ കാലത്തേക്കാണ് ടീം കരാര്‍ നീട്ടിനല്‍കിയിട്ടുള്ളത്.
എത്ര കാലത്തേക്കാണ് കരാര്‍ നീട്ടിയതെന്ന കാര്യം ക്ലബ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ചെല്‍സിയുടെ മധ്യനിരയിലെ വന്‍മരവും ഫ്രഞ്ച് ടീമിന്റെ നട്ടെല്ലുമായ എങ്കോളോ കാന്റേയുമായി അഞ്ചുവര്‍ഷത്തേക്കാണ് ചെല്‍സി കരാര്‍ പുതുക്കിയിട്ടുള്ളത്.
26 കാരനായ സാഡിയോ മാനെ 2016 ജൂണില്‍ സതാംപ്ടണില്‍നിന്നാണ് ലിവര്‍പൂളിലെത്തുന്നത്. ഇതിന് ശേഷം മുഹമ്മദ് സലാഹ്, ഫിര്‍മീഞ്ഞോ കൂട്ടുകെട്ടിനൊപ്പം മാനെ കൂടി ചേര്‍ന്നതോടെ ലിവര്‍പൂളിന്റെ മുന്നേറ്റനിര പ്രീമിയര്‍ലീഗിലെ മികച്ച കൂട്ടുകെട്ടായി മാറി. ലിവര്‍പൂളിനായി 40 ഗോളും മാനെ സ്വന്തമാക്കിയിട്ടുണ്ട്.
ഞാന്‍ എന്റെ കരിയറിലെ ഏറ്റവും മികച്ചൊരു തീരുമാനമാണ് എടുത്തതെന്നും ഇനിയും കൂടുതല്‍ കാലം ക്ലബിനോടൊപ്പം ചേരാനായതില്‍ സന്തോഷമുണ്ടെന്നും മാനെ പറഞ്ഞു. ക്ലബിന്റെ കൂടെയുള്ള താരങ്ങള്‍ ക്ലബിനോട് എത്ര കൂറുള്ളവരാണെന്ന് ഇതിലൂടെ നമുക്ക് മനസിലാക്കാനാകുമെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പ് പറഞ്ഞു. സീസണില്‍ അപരാജിത കുതിപ്പ് നടത്തുന്ന ലിവര്‍പൂള്‍ നിലവില്‍ ഇ.പി.എല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണുള്ളത്.
2018 ലോകകപ്പില്‍ ഫ്രഞ്ച് ടീമിന് കിരീടം നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച എങ്കോളോ കാന്റെയുമായി ചെല്‍സിയുടെ കരാര്‍ അഞ്ചുവര്‍ഷത്തേക്കാണ് നീട്ടിയത്.
ക്ലബില്‍ നിലവിലെ പ്രകടനം കണക്കിലെടുത്താണ് താരത്തിന്റെ കരാര്‍ നീട്ടിനല്‍കാന്‍ ക്ലബ് തയാറായത്. 2016ല്‍ ചെല്‍സിയിലെത്തിയ കാന്റെ മികച്ച പ്രകടനമാണ് രണ്ട് വര്‍ഷത്തിനിടെ പുറത്തെടുത്തത്. കിരീടം നേടിയ ലെസ്റ്റര്‍സിറ്റി ടീമിലെ അംഗമായിരുന്നു 27 കാരനായ കാന്റെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."