ഇ.എം.എസ് കോളനിയില്‍ ദുരിതം പേറി അന്‍പതോളം ആദിവാസി കുടുംബങ്ങള്‍
പടിഞ്ഞാറത്തറ: വനഭൂമി കൈയേറി സമരത്തിനിറങ്ങിയതിന്റെ പേരില്‍ ദിവസങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നിട്ടും പൊഴുതന ഇടിയംവയല്‍ ഇ.എം.എസ് കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടെന്ന സ്വപ്നം ഇപ്പോഴും പൂര്‍ത്തിയായില്ല.
150 ഓളം കുടുംബങ്ങള്‍ ചേര്‍ന്ന് നടത്തിയ കൈയേറ്റസമരത്തില്‍ അന്‍പതോളം കുടുംബങ്ങളാണ് ഇനിയും ഭൂമിയുടെ രേഖകള്‍ ലഭിക്കാതെ ദുരിതം പേറി പ്ലാസ്റ്റിക്ക് ഷെഡ്ഡുകളില്‍ കഴിയുന്നത്. ആദിവാസി ഗോത്രസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടത്തിയ വനഭൂമികൈയേറ്റ സമരങ്ങള്‍ക്ക് ശേഷം ജില്ലയില്‍ എ.കെ.എസിന്റെ നേതൃത്വത്തില്‍ ഭൂരഹിതരായ ആദിവാസികളെ സംഘടിപ്പിച്ച് വ്യാപകമായ തോതില്‍ കൈയേറ്റ സമരങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി പൊഴുതന ഇടിയംവയലില്‍ 150 ഓളം കുടുംബങ്ങളായിരുന്നു വന ഭൂമി കൈയേറി കുടില്‍ കെട്ടിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ വിഭാഗങ്ങളില്‍പ്പെട്ട ആദിവാസികളെയായിരുന്നു കൈയേറ്റത്തിനായി പാര്‍ട്ടി മുന്‍കൈയെടുത്ത് ഭൂമിയിലെത്തിച്ചത്.
വനഭൂമി കൈയേറിയതിന്റെ പേരില്‍ ആദിവാസികളില്‍ പലരും ദിവസങ്ങളോളം ജയിലില്‍ കിടക്കേണ്ടിയും വന്നു. എന്നാല്‍ 13 വര്‍ഷം മുന്‍പ് നടന്ന സമരത്തിന് നേതൃത്വം നല്‍കിയവര്‍ മാറി മാറി ഭരണത്തിലെത്തിയിട്ടും അന്ന് സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നവരില്‍ പലര്‍ക്ക് ഭൂമിയും വീടും ലഭിച്ചില്ല.
2006-2007 കാലത്ത് കൈയേറ്റക്കാര്‍ക്കെല്ലാം ഭൂമി പതിച്ചു നല്‍കിയിരുന്നു. ഓരോ കുടുംബത്തിനും അന്‍പത് മുതല്‍ എണ്‍പത് സെന്റ് വരെ ഭൂമിയാണ് അളന്നു തിരിച്ചു നല്‍കിയത്. എന്നാല്‍ ഭൂമി സംബന്ധിച്ച രേഖകളൊന്നും ഇത്രയും കാലം പിന്നിട്ടിട്ടും പലര്‍ക്കും നല്‍കിയിട്ടില്ല.
ഇതോടെയാണ് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ഭവന പദ്ധതികളിലൊന്നും ഇവരുള്‍പ്പെടാതെ പോയത്. ഇവരിപ്പോഴും തങ്ങളള്‍ക്ക് ലഭിച്ച ഭൂമിയില്‍ പ്ലാസ്റ്റിക് ഷെഡ്ഡുകളില്‍ വെയിലും മഴയുമേറ്റ് ദുരിത ജീവിതം നയിക്കുകയാണ്. ശക്തമായ മഴയുണ്ടാവുമ്പോള്‍ ബന്ധു വീടുകളിലേക്ക് പാലായനം നടത്തുന്നതോടെ കുട്ടികളുടെ പഠനവും എങ്ങുമെത്താതെ പോവുന്നു. കോളനിയില്‍ മാറാരോഗം പിടിപെട്ട ശങ്കരന്‍, വെള്ളച്ചി, തങ്ക, മുകേഷ് തുടങ്ങി നിരവധിപേര്‍ക്കാണ് വീട് ലഭിക്കാതെയുള്ളത്. എത്ര കാലം ഇനിയും ദുരിതജീവിതം തുടരേണ്ടി വരുമെന്ന ആശങ്കയിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."