പ്രളയബാധിതര്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം; മാവേലി സ്റ്റോറുകളില്‍ വന്‍ തിരക്ക്
അന്തിക്കാട്: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റ് വാങ്ങാന്‍ മാവേലി സ്റ്റോറുകളില്‍ വന്‍തിരക്ക്. മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ കിറ്റ് വിതരണം പല സ്ഥലത്തും സ്തംഭിച്ചു.തിരക്കു നിയന്ത്രിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം വ്യാപകമായി. മണിക്കൂറുകളോളം വരിയില്‍ കാത്തു നിന്നിട്ടും നിരവധി പേര്‍ക്കു കിറ്റു ലഭിച്ചില്ല. ചിറയ്ക്കല്‍ മാവേലി സ്റ്റോറില്‍ കിറ്റിനായി മണിക്കൂറുകളോളം വരിയില്‍ കാത്തുനിന്ന വീട്ടമ്മ തല കറങ്ങി വീണു. ഇതേ തുടര്‍ന്നു കിറ്റു വാങ്ങാനെത്തിയവര്‍ രോഷാകുലരായി. പ്രളയത്തില്‍ സര്‍ക്കാര്‍ ധനസഹായമായ 10,000രൂപ ലഭിച്ചവര്‍ക്കാണു സൗജന്യ കിറ്റിന് അര്‍ഹതയുള്ളത്. അര്‍ഹരായവര്‍ അതതു വില്ലേജ് ഓഫിസര്‍മാര്‍ നല്‍കുന്ന ടോക്കണുമായിട്ടാണു മാവേലി സ്റ്റോറുകളിലെത്തുന്നത്. 500 രൂപയുടെ നിത്യോപയോഗ സാധനങ്ങളാണ് കിറ്റിലുള്ളത്. മൂന്നു മാസം കിറ്റു ലഭിക്കും. ചില മാവേലി സ്റ്റോറുകളില്‍ നിന്നു ലഭിക്കുന്ന കിറ്റില്‍ 500 രൂപയുടെ സാധനങ്ങള്‍ ഇല്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ പല മാവേലി സ്റ്റോറുകളിലും വ്യത്യസ്ത സാധനങ്ങളാണു നല്‍കുന്നതെന്ന പരാതിയും വ്യാപകമായി. പഞ്ചസാര, ചായപ്പൊടി, പരിപ്പ്, കടല, വെളിച്ചെണ്ണ, ഉപ്പ്, പയര്‍ എന്നിവയാണു ഭൂരിഭാഗം മാവേലി സ്റ്റോറുകളില്‍ നിന്നും ലഭിച്ച കിറ്റിലുള്ളത്. എന്നാല്‍ ചില മാവേലി സ്റ്റോറുകാര്‍ അരിയും നല്‍കുന്നുണ്ട്. എന്തെല്ലാം സാധനങ്ങള്‍ കിറ്റില്‍ വേണമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കിറ്റു വാങ്ങാനായി നൂറുകണക്കിനാളുകളാണു മാവേലി സ്റ്റോറുകളിലെത്തുന്നത്. കിറ്റ് വിതരണത്തിലെ സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിന്‍ ആലപ്പുഴ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."