ബാബരി കേസ് വിധി ഇന്ന്, സുരക്ഷ ശക്തമാക്കി
.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രിംകോടതി വിധി ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് ഉള്‍പ്പെടുന്ന അഞ്ചംഗം ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തെ 2.7 ഏക്കര്‍ ഭൂമിയാണ് തര്‍ക്ക പ്രദേശമായി നിലനില്‍ക്കുന്നത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഇന്ന് കോടതിക്ക് അവധിദിനമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. 40 ദിവസം നീണ്ട തുടര്‍വാദത്തിന് ശേഷമാണ് വിധി പ്രഖ്യാപനം.
2010ല്‍ ഈ ഭൂമിയെ അലഹബാദ് ഹൈക്കോടതി മൂന്നായി വിഭജിച്ചിരുന്നു. 2011 മെയില്‍ കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് കക്ഷികള്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ചീഫ് ജസ്റ്റിസ് നവംബര്‍ 17ന് വിരമിക്കാനിരിക്കെയാണ് രാജ്യം ഉറ്റുനോക്കിയ വിധി പ്രഖ്യാപിക്കുന്നത്. ഇതിനിടെ, സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യു.പിയിലേക്ക് കൂടുതല്‍ സേനയെ അയക്കും. വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനിഷ്ടസംഭവങ്ങളും സാമുദായിക സംഘര്‍ഷങ്ങളും തടയാന്‍ കര്‍ശന നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. നേരത്തെ, സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചീഫ് സെക്രട്ടറി രാജേന്ദ്രകുമാര്‍ തിവാരി, ഡി.ജി.പി ഓംപ്രകാശ് സിങ് എന്നിവരെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയാണ് ചീഫ് ജസ്റ്റിസ് കണ്ടത്. ഇരുവരോടും സുരക്ഷാ സാഹചര്യങ്ങള്‍ ചീഫ് ജസ്റ്റിസ് ചോദിച്ചറിഞ്ഞു.
കേരളത്തിലും കനത്ത ജാഗ്രത
തിരുവനന്തപുരം: അയോധ്യ വിധിയെത്തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാന്‍ പൊലിസ് തീരുമാനം. മുഖ്യമന്ത്രി എല്ലാ പരിപാടികളും റദ്ദാക്കി തലസ്ഥാനത്ത് തുടരും.
എല്ലാ ജില്ലാ കലക്ടര്‍മാരുടെയും നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് സമാധാനം പാലിക്കാന്‍ ആഹ്വാനം ചെയ്തതിന് പുറമെയാണ് കനത്ത സുരക്ഷയൊരുക്കാന്‍ പൊലിസ് തീരുമാനിച്ചിരിക്കുന്നത്. സമാധാനം തകര്‍ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി നേരിടുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."