നൗഷാദ്: മനുഷ്യ സ്‌നേഹത്തിന്റെ ജീവത്യാഗത്തിനു മൂന്നാണ്ട്
കോഴിക്കോട്: അന്നൊരു നവംബര്‍ 25ന് വൈകിട്ട്... കണ്ടംകുളം ക്രോസ് റോഡിലെ ചായക്കടയില്‍ ഒരു കടുപ്പത്തിലുള്ള കട്ടന്‍ചായക്ക് പറഞ്ഞാണ് നൗഷാദ് മരണത്തിന്റെ മാന്‍ഹോളിലേക്ക് ഇറങ്ങിയടുത്തത്. നടുറോഡിലെ ഭൂഗര്‍ഭ അറയില്‍ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു അപ്പോള്‍. സ്വന്തം രക്ഷ നോക്കാതെ മാന്‍ഹോളിലിറങ്ങി നൗഷാദ് കരുതലിന്റെ കൈകള്‍ നീട്ടി. മരണവെപ്രാളത്തില്‍ പിടയുകയായിരുന്ന ആന്ധ്രക്കാരായ നരസിംഹനും ഭാസ്‌കറും ആ കരങ്ങളില്‍ തൂങ്ങിപ്പിടിച്ചു. പക്ഷേ, അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ശ്വാസതടസമനുഭവപ്പെട്ട് നൗഷാദും മരണക്കുഴിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറായിരുന്ന നൗഷാദ് എന്ന മനുഷ്യ സ്‌നേഹിയുടെ ജീവത്യാഗത്തിന് ഇന്നു മൂന്നാണ്ട് തികയുന്നു. മാളിക്കടവ് മേപ്പക്കുടി വീട്ടില്‍ സിദ്ദീഖിന്റെ മകനായിരുന്ന നൗഷാദിന് അന്നു പ്രായം 33. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന നൗഷാദ് അപകടം നടക്കുന്നതിന്റെ രണ്ട് വര്‍ഷം മുന്‍പാണ് നാട്ടിലെത്തി ഓട്ടോ ഡ്രൈവറായത്. സാമൂഹ്യ സേവന രംഗത്തു നിറസാന്നിധ്യമായിരുന്ന നൗഷാദ് കുറേ ഓര്‍മപ്പെടുത്തലുകളുമായാണ് ഇപ്പോഴും നമ്മില്‍ ജീവിക്കുന്നത്. നൗഷാദിന്റെ മരണത്തിനു ശേഷം ചര്‍ച്ചാവിഷയമായ മാന്‍ഹോള്‍ തൊഴിലാളികളുടെ അവസ്ഥയ്ക്ക് ഇന്നും മാറ്റമില്ലെന്നത് വസ്തുതയാണ്. 2016ല്‍ ഭാര്യ സഫറീനക്ക് സര്‍ക്കാര്‍ ജോലി നല്‍കിയത് കുടുംബത്തിനു വലിയ ആശ്വാസമായിരുന്നു. ഓരോ ദിവസവും നൗഷാദിന്റെ ഓര്‍മകളില്‍ കോഴിക്കോട് കലക്ടറേറ്റിന്റെ പടികയറുമ്പോള്‍ സഫറീനയുടെ മനസില്‍ ഓര്‍മകളുടെ തിരയിളക്കവും, മായാതെ നൗഷാദിന്റെ മുഖവും തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."