HOME
DETAILS

ബാബരിവിധി രാജ്യത്തിന്റെ ദുര്‍വിധി ആവാതിരിക്കട്ടെ

  
backup
November 08 2019 | 19:11 PM

babari-verdict12

എഴുപത് വര്‍ഷം മുന്‍പ് തുടക്കമിട്ട ബാബരി മസ്ജിദ്-രാമജന്മഭൂമി കേസിന് ഈ മാസം മധ്യത്തോടെ അന്തിമതീര്‍പ്പുണ്ടാകുമെന്ന് കേട്ടതു മുതല്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ് 130 കോടി ജനങ്ങള്‍. ഒരു ആരാധനാലയത്തിന്റെ പേരിലുള്ള തര്‍ക്കം ലോകചരിത്രത്തിലൊരിടത്തും ഇതുപോലെ ഒരു മഹാരാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്ന സമസ്യയായി രൂപാന്തരപ്പെട്ടതായി എവിടെയും വായിക്കാനായിട്ടില്ല. നിഷ്പക്ഷമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ത്രാണിയില്ലാത്ത ഭരണകൂടങ്ങളും ഇച്ഛാശക്തിയോ പ്രതിബദ്ധതയോ ഇല്ലാത്ത ജുഡിഷ്യറിയുമാണ് തര്‍ക്കം ഇതുപോലെ സങ്കീര്‍ണമാക്കിയതെന്ന വിലയിരുത്തലിനോട് വിയോജിക്കുന്നവര്‍ വിരളമായിരിക്കാം. 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള തര്‍ക്കത്തിന് തീര്‍പ്പു കല്‍പ്പിക്കാന്‍ ലിഖിതമായ പ്രമാണങ്ങളും ചരിത്രസാഹചര്യങ്ങളും ധാരാളമാണെങ്കിലും, കുഴിമാടം തോണ്ടി തലയോട്ടികള്‍ പരതാനുള്ള, തീര്‍ത്തും അശാസ്ത്രീയവും നീതിന്യായ വ്യവസ്ഥയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത രീതികള്‍ അവലംബിച്ചതാണു കേസ് ഇമ്മട്ടില്‍ നീട്ടിക്കൊണ്ടുപോയത്.


1949ല്‍ തുടങ്ങിയ കേസിനു ഇന്ന് അന്ത്യം കാണുമ്പോള്‍ ഈ കാലവിളംബത്തിനും അലംബാവത്തിനും നമ്മുടെ രാജ്യവും ജനതയും ഒടുക്കേണ്ടിവന്ന വില എത്ര കനത്തതാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മനോഘടന മാറ്റിമറിക്കപ്പെട്ടു. ചിന്താമണ്ഡലം മലീമസമാക്കി. അധികാര സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെട്ടു. ജനാധിപത്യ മതേതര വ്യവസ്ഥ തന്നെ ഇല്ലാതായി. അതിനിടയില്‍ അയോധ്യയുടെ പേരില്‍ ഉദ്ദീവിപ്പിച്ച വര്‍ഗീയവികാരം എണ്ണമറ്റ മനുഷ്യരുടെ ജീവനെടുത്തു. വര്‍ഗീയ കലാപങ്ങള്‍ സാമൂഹിക ചക്രവാളങ്ങളില്‍ ഘനാന്ധകാരങ്ങള്‍ സൃഷ്ടിച്ചു. മതങ്ങള്‍ തമ്മില്‍ അകല്‍ച്ചകളുടെ ഭിത്തികള്‍ കെട്ടിപ്പൊക്കി. രാജ്യാധികാരം പൂര്‍ണമായും ഹിന്ദുത്വവാദികളുടെ കൈകളിലമര്‍ന്നു. പള്ളി നഷ്ടപ്പെട്ടവര്‍ക്കു നഷ്ടപരിഹാരം പോലും കിട്ടിയില്ല എന്നല്ല, 1992 ഡിസംബര്‍ ആറിനു പട്ടാളത്തിന്റെ കണ്‍മുന്നില്‍വച്ച് പട്ടാപ്പകല്‍ പള്ളി തകര്‍ക്കപ്പെട്ടിട്ടും ഒരാള്‍ പോലും അതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടില്ല. ലജ്ജാവഹമായ ഈ യാഥാര്‍ഥ്യം നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കഴിവുകേട് വിളിച്ചറിയിക്കുന്നു; രാഷ്ട്രീയവ്യവസ്ഥിതിയുടെ കാപട്യവും.


സുപ്രിംകോടതിയുടെ തീര്‍പ്പ് ഇന്നു വരുമ്പോള്‍ ഇരുപക്ഷവും അവരവരുടെ നിലപാടുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാവരും കോടതിവിധി അംഗീകരിക്കാന്‍ സന്നദ്ധമായിരിക്കുന്നു. ആശ്വാസം പകരുന്ന വാര്‍ത്ത. രാമക്ഷേത്രം വിശ്വാസത്തിന്റെ ഭാഗമാണെന്നതിനാല്‍ കോടതിക്ക് ഈ വിഷയത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ സാധ്യമല്ലെന്നായിരുന്നു ഇക്കാലമത്രയും സംഘ്പരിവാര്‍ സംഘടനകള്‍ പരസ്യമായി വാദിച്ചിരുന്നത്. എന്നാല്‍, കോടതിതീര്‍പ്പില്‍ അമിതാഘോഷങ്ങള്‍ വേണ്ടെന്ന് അനുയായികളെ ഉണര്‍ത്തിയ ആര്‍.എസ്.എസ് നേതൃത്വം ശുഭാപ്തി വിശ്വാസം വച്ചുപുലര്‍ത്തുന്നുണ്ട് എന്നാണു മനസിലാക്കേണ്ടത്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണു സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറുഭാഗത്ത്, കഴിഞ്ഞദിവസം തലസ്ഥാനത്ത് ചേര്‍ന്ന മുസ്‌ലിം മജ്‌ലിസെ മുശാവറ യോഗവും സംയമനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


ഒരു പിഴ വരുത്തിവച്ച വിന


സരയൂ നദിക്കരയിലെ 465 വര്‍ഷം പഴക്കമുള്ള ആ ദേവാലയം മുസ്‌ലിം പള്ളിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പള്ളി പണിതത് ശ്രീരാമന്റെ ജന്മസ്ഥാനത്താണെന്നും ക്ഷേത്രം തകര്‍ത്താണെന്നുമുള്ള വാദഗതി പരമോന്നത നീതിപീഠം അംഗീകരിക്കുന്നുണ്ടോ എന്നതാണു പ്രസക്തമായ ചോദ്യം. ഇവ്വിഷയകമായി ഹിന്ദുപക്ഷത്തിന്റെ വാദഗതികളോട് യോജിച്ചുകൊണ്ടുള്ള ഏതാനും നിരീക്ഷണങ്ങള്‍ ജഡ്ജിമാരില്‍ നിന്നുണ്ടായത് ചില സന്ദേഹങ്ങള്‍ക്ക് ഇടം നല്‍കിയിരുന്നു.
സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിറകെ, രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം പ്രക്ഷുബ്ധമായിരുന്ന ഒരു കാലസന്ധിയില്‍ ഭരണകര്‍ത്താക്കള്‍ക്കു സംഭവിച്ച ഒരു കൈപ്പിഴയാണ് വ്രണമായി വളര്‍ന്ന് ഒരു രാജ്യത്തിന്റെ ആധാരശിലകളെ ശിഥിലമാക്കുംവിധം അങ്ങേയറ്റം വഷളാക്കിയത്. 1949 ഡിസംബര്‍ 22-23ന്റെ പുലരിയില്‍ പള്ളിക്കകത്ത് കൊണ്ടിട്ട രാമവിഗ്രഹം എടുത്തുമാറ്റി പ്രശ്‌നം മുളയില്‍തന്നെ നുള്ളിക്കളയണമെന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പലവുരു ആവശ്യപ്പെട്ടിട്ടും ആര്‍.എസ്.എസ് മനസുള്ള ഗോവിന്ദ പാന്ത് അതു കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്നതാണു പിന്‍ഗാമികള്‍ക്ക് പോരാടാന്‍ ഒരു ദൈവത്തെ ബാക്കിവച്ചത്. അവിടെയുമെത്തി ഒരു മലയാളി, രംഗം വഷളാക്കാന്‍. കെ.കെ നായര്‍ എന്ന അന്നത്തെ ജില്ലാ കലക്ടര്‍ അല്‍പം വിവേകം കാണിച്ചിരുന്നുവെങ്കില്‍ അന്തരീക്ഷം ചൂടുപിടിക്കില്ലായിരുന്നു. തന്റെ പത്‌നിക്ക് ജനസംഘം മത്സരിക്കാന്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതും രാമജപകീര്‍ത്തന പരിപാടിയിലൂടെ പണം ശേഖരിക്കാമെന്ന മോഹവുമാണ് ഈ മലയാളിയെ അരുതായ്മക്കു കൂട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ഇന്നത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആത്മീയ കേന്ദ്രമായ ഗൊരഖ്പൂര്‍ പീഠമാണ് വിഗ്രഹം പള്ളിക്കകത്ത് കൊണ്ടിടുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്.
അഖണ്ഡനീയമായ തെളിവുകളില്ലെങ്കിലും ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന് ഒരു വിഭാഗം ഉറച്ചുവിശ്വസിക്കുന്നു.

ബാബര്‍ ചക്രവര്‍ത്തിയുടെ സേനാധിപന്‍ മീര്‍ബഖിയുടെ നേതൃത്വത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച മസ്ജിദ് നിലകൊള്ളുന്നിടത്താണ് രാമജന്മസ്ഥാന്‍ എന്നു വാദിച്ചുകൊണ്ട് 1886ല്‍ മഹന്ത് രഘുവീര്‍ ദാസ് കോടതിയെ സമീപിച്ചതെങ്കിലും ഹരജി തള്ളുകയായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് നടത്തിയ നാടകമായിരുന്നു ആ കേസ്. വിചാരണക്കോടതിയുടെ തീര്‍പ്പിനെതിരേ കൊടുത്ത അപ്പീലും തള്ളുകയായിരുന്നു. 1934ല്‍ ഒരു കൂട്ടമാളുകള്‍ വന്ന് പള്ളിയുടെ ഒരു ഭാഗത്ത് കേടുപാടുകളുണ്ടാക്കി. ബ്രിട്ടീഷ് ഭരണകൂടമാണ് കേടുപാടുകള്‍ തീര്‍ത്തുകൊടുത്തത്. തുടര്‍ന്നും മുസ്‌ലിംകള്‍ അവിടെ നിസ്‌കാരം നിര്‍വഹിച്ചു. സമാധാനപരമായി കാര്യങ്ങള്‍ നീങ്ങുന്നതിനിടയിലാണ്, വിഭജനത്തിന്റെ തൊട്ടുപിറകെ, വിഗ്രഹം പ്രത്യക്ഷപ്പെടുന്നത്. അതോടെ പള്ളി പൂട്ടിയിട്ടു. പുറത്തെ ഛബുത്രയില്‍ (തറ) ഹിന്ദുക്കള്‍ ആരാധന നടത്തുന്നത് തുടരുകയും ചെയ്തു. അതോടെ കോടതി കയറിയ മുസ്‌ലിം-ഹിന്ദുകക്ഷികള്‍ ഉടമാവകാശത്തിനായി കേസ് കൊടുത്തു.


എണ്‍പതുകളുടെ ആദ്യപാദം വരെ ഈ കേസുകള്‍ ഫൈസാബാദ് കോടതിയില്‍ ഗാഢനിദ്രയിലായിരുന്നു. അതിനിടെയുണ്ടായ ചില രാഷ്ട്രീയതീരുമാനങ്ങള്‍ എല്ലാം തകിടം മറിച്ചു. ഷാബാനുബീഗം കേസിന്റെ വിധി ദുര്‍ബലപ്പെടുത്താന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ മുസ്‌ലിം വനിതാ നിയമം കൊണ്ടുവന്നു. അതോടെ 'മുല്ലമാരുടെ മുന്നില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കീഴടങ്ങി' എന്നാക്രോശിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തിറങ്ങി. അവരെ തണുപ്പിക്കാന്‍ ജില്ലാ കോടതിയില്‍നിന്ന് സമ്പാദിച്ച ഉത്തരവുമായി വന്ന് ബാബരിയുടെ കവാടം പൂജക്കായി തുറന്നുകൊടുത്തു. താമസിയാതെ, തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടന്നു. 1990ല്‍ എല്‍.കെ അദ്വാനി നടത്തിയ രഥയാത്ര രക്തപങ്കിലമായ ഒരധ്യായം എഴുതിച്ചേര്‍ത്തു. 1992 ഡിസംബര്‍ ആറിന് അതും സംഭവിച്ചു. മതേതരത്വത്തിന്റെ പ്രതീകമെന്ന് ഐക്യരാഷ്ട്രസഭ പോലും വിശേഷിപ്പിച്ച ആ ദേവാലയം നിശ്ശേഷം തകര്‍ത്ത്, തല്‍ക്കാലികമായി കെട്ടിപ്പൊക്കിയ പന്തലിനു താഴെ രാം ലാല വിഗ്രഹം പ്രതിഷ്ഠിച്ചു.


സഹനത്തിന്റെ മാതൃക,
സഹിഷ്ണുതയുടെയും


ഇന്നത്തെ കോടതിവിധി എന്തുമാവട്ടെ, ബാബരി മസ്ജിദ് ധ്വംസനം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ്. യശശ്ശരീരനായ കെ.ആര്‍ നാരായണന്‍ അന്ന് അഭിപ്രായപ്പെട്ടതു പോലെ, മഹാത്മജിയുടെ വധത്തിനു ശേഷം രാജ്യം സാക്ഷ്യംവഹിച്ച മറ്റൊരു മഹാദുരന്തം. ആ ദുരന്തത്തിന് ഉത്തരവാദികളായ ഒരു നേതാവിനെയും സ്പര്‍ശിക്കാന്‍ നമ്മുടെ നിയമവ്യവസ്ഥക്കു സാധിക്കാതെ പോയത് ഒരു തീരാകളങ്കമായി അവശേഷിക്കുക തന്നെ ചെയ്യും. ധ്വംസിക്കപ്പെട്ടത് മുസ്‌ലിംകള്‍ നാലര നൂറ്റാണ്ട് ആരാധിച്ച ഒരു പള്ളിയാണ്. ആ പള്ളി പൗരാണിക കാലത്ത് അവിടെയുണ്ടായിരുന്ന ഒരു ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണോ എന്ന ചോദ്യത്തിനു പോലും ജുഡിഷ്യറിയുടെ മുന്നില്‍ പ്രസക്തിയില്ല. കാലത്തിന്റെ പ്രതിപ്രവാഹത്തിനിടയില്‍ സംഭവിച്ചതെന്താണെന്ന് നോക്കി ഒരു വസ്തുവിന്റെ ഉടമാവകാശം നിര്‍ണയിക്കാന്‍ കോടതി തുനിഞ്ഞാല്‍ പിന്നെ വ്യവഹാരങ്ങള്‍ക്ക് അന്ത്യമുണ്ടാവില്ല.


ബാബരി മസ്ജിദ് ഉള്‍ക്കൊള്ളുന്ന സ്ഥലത്താണ് രാമന്‍ ജനിച്ചതെന്ന നിഗമനത്തില്‍ സുപ്രിംകോടതി എത്തുകയാണെങ്കില്‍ അലഹബാദ് കോടതിയുടെ യുക്തിഹീനമായ തീര്‍പ്പ് ശരിവയ്ക്കലാകുമത്. ശ്രീരാമന്റെ ജന്മസ്ഥലം ബാബരി മസ്ജിദ് സ്ഥിതി ചെയ്തിടത്താണെന്ന തീര്‍പ്പിന്റെ അനുബന്ധമായാണ് അലഹബാദ് കോടതി തര്‍ക്കസ്ഥലം മൂന്നു കക്ഷികള്‍ക്കിടയില്‍ വിഭജിക്കാന്‍ തീരുമാനിച്ചത്. നിയമവും മുന്‍കാല കോടതിവിധികളും ആസ്പദമാക്കിയും ബാബരിയുടെ ചരിത്രം ആഴത്തില്‍ ഗ്രഹിച്ചുമായിരിക്കും പരമോന്നത നീതിപീഠം അനുമാനത്തിലെത്തുക എന്നു പ്രതീക്ഷിക്കാം. അഖണ്ഡനീയമായ തെളിവുകള്‍ മുന്നില്‍വച്ചാകുമത്. അല്ലാതെ, ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം കണക്കിലെടുത്തോ ഭക്തജനങ്ങളുടെ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചോ ആയിരിക്കില്ല. അലഹബാദ് ഹൈക്കോടതി സ്വീകരിച്ച മധ്യസ്ഥന്റെ ഉത്തരീയം സുപ്രിംകോടതി എടുത്തണിയില്ലെന്നും നമുക്കു ആശിക്കാം. ഇതുവരെ നീതി നടപ്പാക്കാന്‍ പരാജയപ്പെട്ട കോടതിക്കു ലഭിക്കുന്ന അവസാനത്തെ അവസരമാണിത്.


വിധി ആര്‍ക്ക് അനുകൂലമായാലും ഇരുകരവും നീട്ടി സ്വീകരിക്കുക! ജനാധിപത്യ വ്യവസ്ഥയില്‍ ജുഡിഷ്യറി മൂന്നാം സ്തംഭമാണ്. ഫാസിസത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ജനാധിപത്യത്തിന്റെ രാജമാര്‍ഗം സ്വീകരിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ഏതു തിരിച്ചടിയും വരുന്ന തലമുറയ്ക്കുവേണ്ടി സഹിക്കാന്‍ മനസു പാകപ്പെടുത്തിയെടുക്കുക. വിധി അനുകൂലമാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും എതിരാണെങ്കില്‍ നിരാകരിക്കുമെന്നും പറയുന്നവര്‍ നാഗരിക സമൂഹത്തില്‍ ജീവിക്കാന്‍ കൊള്ളുന്നവരല്ല. ചെങ്കിസ്ഖാന്റെ നേതൃത്വത്തിലുള്ള താര്‍ത്താരിപ്പടയെ കണ്ട് ചെങ്കോലും കിരീടവും വലിച്ചെറിഞ്ഞ് ഓടിപ്പോയവരല്ല, കുരിശുയുദ്ധ സേനയുടെ മുന്നില്‍ മനുഷ്യത്വത്തിന്റെ ഉദാത്തമുഖം പ്രദര്‍ശിപ്പിച്ച സലാഹുദ്ദീന്‍ അയ്യൂബിയാണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. പ്രവാചകജന്മം കൊണ്ട് പവിത്രമായ ഈ മാസത്തില്‍ സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും സഹനത്തിന്റെയും വലിയ മാതൃക 130 കോടി ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടാന്‍ വിശ്വാസി സമൂഹത്തിനു സാധിക്കട്ടെ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  9 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  39 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago