പൊലിസ് കള്ളക്കേസില്‍ കുടുക്കുന്നതായി പരാതി
മലപ്പുറം: ബൈക്കിലിടിച്ച് നിര്‍ത്താതെ പോയ കാറിനെ പിന്തുടര്ന്ന് തടഞ്ഞവരെ പൊലിസ് കള്ളക്കേസില്‍ കുടുക്കുന്നുവെന്ന പരാതിയുമായി യുവാക്കള്‍. ഓമാനൂര്‍ ഗ്രാമീണ ബാങ്കിന് സമീപത്ത് വച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബൈക്ക് യാത്രികരായ അഹമ്മദ് റിയാസ്, അബ്ദുല്‍ ജലീല്‍ എന്നിവരെ സ്വിഫ്റ്റ് കാര്‍ തട്ടുകയും നിര്‍ത്താതെ പോവുകയും ചെയ്തത്.
കാറിടിച്ച് നിര്‍ത്താതെ പോയ ഗ്രേഡ് എസ്.ഐയുടെ മരുമകനെ പിന്തുടര്ന്ന് തടഞ്ഞവരെയാണ് കള്ളക്കേസില്‍ കുടുക്കുന്നുവെന്ന പരാതിയുള്ളത്. ചുറ്റുമുണ്ടായിരുന്നവര്‍ ബൈക്കില്‍ കാറിനെ പിന്തുടര്ന്ന് തടഞ്ഞു നിര്‍ത്തിയപ്പോഴേക്കും വാഴക്കാട് ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസെത്തി കാറിലുണ്ടായിരുന്നവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതില്‍ എസ്.ഐയുടെ മരുമകനായിരുന്നുവെന്ന് അഹമ്മദ് റിയാസ്, പാറക്കണ്ടി നിധിന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിന്നീട് പരുക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ എസ്.ഐയുടെ ബന്ധു ഒത്തുതീര്‍പ്പിന് സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പരുക്കേറ്റവരുമായി യുവാക്കള്‍ അവിടെയെത്തി. എന്നാല്‍ പിന്നീട് സ്റ്റേഷന് ആക്രമിച്ചെന്ന കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയെ അപമാനിച്ചെന്ന കേസില്‍ നാലുപേര്‍ക്കെതിരെ കേസെടുക്കുകയും അബ്ദുല്‍ ജലീലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഒത്തുതീര്‍പ്പിനെത്തിയ എസ്.ഐയുടെ ബന്ധു ജാതിപ്പേര് വിളിക്കുകയും മര്‍ദിക്കുകയും ചെയ്തതായി നിധിന് പട്ടികജാതി വകുപ്പ് മന്ത്രിക്കും ജില്ലാ പൊലിസ് സൂപ്രണ്ടിനും കലക്ടര്‍ക്കും നല്കിയ പരാതിയില്‍ പറയുന്നു. എസ്.ഐക്കും മരുമകനും ബന്ധുവിനുമെതിരെ നടപടി എടുക്കണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."