നിപാ: സര്‍ക്കാര്‍ കണക്ക് സംശയത്തിന്റെ നിഴലില്‍
സലീം മൂഴിക്കല്‍#
ചേവായൂര്‍ (കോഴിക്കോട്): സംസ്ഥാനത്തെ പിടിച്ചുലച്ച നിപാ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാര്‍ കണക്ക് തെറ്റെന്നതിന് വീണ്ടും തെളിവുകള്‍. നിപാ സമയത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റേഡിയോളജി ജീവനക്കാരി സുധ മരിച്ചത് നിപാ മൂലമാകാമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് കെ.ജി സജിത്ത്കുമാര്‍, മെഡിസിന്‍ വിഭാഗം മേധാവി ഡോ. എന്‍.കെ ശശിധരന്‍ തുടങ്ങി എട്ടംഗ മെഡിക്കല്‍ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സുധയുടെ മരണ കാരണം നിപയാകാമെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഓഫ് ഇന്ത്യയുടെ ഒക്ടോബര്‍ ലക്കം ജേണലില്‍ 63-ാമത്തെ പേജിലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘം എഴുതിയ പഠന റിപ്പോര്‍ട്ടുള്ളത്. ആരോഗ്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. നിപാ വൈറസ് 23 പേര്‍ക്ക് ബാധിച്ചതായും അതില്‍ 21 പേര്‍ മരിച്ചതായുമാണ് രാജീവ് സദാനന്ദന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദ ജേണല്‍ ഓഫ് ഇന്‍ഫക്ഷ്യസ് ഡിസീസസ് എന്നീ പ്രസിദ്ധീകരണങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് സര്‍ക്കാര്‍ വെട്ടിലായത്.
എന്നാല്‍ ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളിയ ആരോഗ്യ മന്ത്രി 18 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 16 പേര്‍ മരിക്കുകയും രണ്ടുപേര്‍ രക്ഷപ്പെടുകയും ചെയ്തുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം, നിപാ വൈറസ് ബാധിച്ച എല്ലാ രോഗികളുമായി ഇടപെടുകയും രോഗികളുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുകയും ചെയ്ത മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലാഘവത്തോടെ തള്ളിക്കളയാനാകില്ലെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. നിപാ മൂലം മരിച്ച 10 പേരുടെ പട്ടികയില്‍ മൂന്നാമത്തെ പേരാണ് സുധയുടേത്. സുധയുടെ മരണ കാരണമായി പറഞ്ഞിരിക്കുന്ന രോഗ ലക്ഷണങ്ങള്‍ നിപായുടേതാണ്.
ശക്തമായ പനി, തലവേദന, ഛര്‍ദി, മാനസിക നിലയിലെ മാറ്റം, ശ്വാസംമുട്ടല്‍ എന്നിവ കൂടാതെ മസ്തിഷ്‌ക വീക്കമാണ് മരണത്തിനു കാരണമെന്നതും നിപായിലേക്കു വിരല്‍ ചൂണ്ടുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഈ രോഗലക്ഷണങ്ങള്‍ തന്നെയാണ് നിപായില്‍ മരിച്ച എല്ലാവരിലും പ്രകടമായത്. എന്നാല്‍ സുധയുടെ രക്തം പരിശോധനക്കു വിധേയമാക്കാന്‍ കഴിഞ്ഞില്ലെന്നാണ് മെഡിക്കല്‍ വിഭാഗം പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് രാജീവ് സദാനന്ദന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്.
നിപാ സമയത്ത് മെഡിക്കല്‍ കോളജില്‍ ക്യാംപ് ചെയ്ത് മെഡിക്കല്‍ സംഘത്തെ ഏകോപിപ്പിച്ച മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലെ ഡോ. ജി. അരുണ്‍കുമാര്‍ ആ ഘട്ടത്തില്‍ തന്നെ ചില മരണങ്ങള്‍ നിപാ മൂലമാകാമെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. തന്റെ ഭാര്യ മരിച്ചത് നിപാ കാരണമാണെന്ന് അന്നുതന്നെ പറഞ്ഞിരുന്നതായി സുധയുടെ ഭര്‍ത്താവ് ടി. വിനോദ് പറയുന്നു. നിപാ ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ചതിനു പിന്നാലെയാണ് ഭാര്യക്ക് അസുഖം വന്നതും ജീവന്‍ നഷ്ടപ്പെട്ടതും. സുധയുടെ മരണത്തോടെ രക്തസമ്മര്‍ദം കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവില്‍ ആയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് നിര്‍ബന്ധിക്കാന്‍ കഴിയാതെ പോയതെന്നും വിനോദ് പറയുന്നു. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പുറത്തായതോടെ നിപായില്‍ മരിച്ചവരുടെ സര്‍ക്കാരിന്റെ കണക്ക് സംശയത്തിന്റെ നിഴലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."