രാത്രിയാത്രാ നിരോധനം പിന്‍വലിക്കണം; നിയമസഭ ഒറ്റക്കെട്ട്
തിരുവനന്തപുരം: കേരള-കര്‍ണാടക സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 766 ല്‍ രാത്രി യാത്ര നിരോധിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്നു നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മറ്റു കടുവാ സങ്കേതങ്ങളിലൊന്നും കൊണ്ടുവരാത്ത നിയന്ത്രണം ഇവിടെ മാത്രം കൊണ്ടുവന്നത് തികഞ്ഞ ജനദ്രോഹവും വിവേചനവുമാണ്. കേരളത്തിന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കാമെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും സഭ ഒറ്റക്കെട്ടായി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിനായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസമുണ്ടാകുന്നുവെന്ന് പറഞ്ഞാണ് മനുഷ്യരുടെ യാത്രാ സ്വാതന്ത്ര്യം തടഞ്ഞത്. ഇത് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് കേരളത്തെയാണ്. ഇതിനെതിരേ കേരള സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഇവ സുപ്രിംകോടതി പരിഗണിച്ചു വരികയാണ്.
ഇതിനിടെ ബന്ദിപൂര്‍ വനമേഖലയില്‍ 25 കിലോമീറ്ററിനുള്ളില്‍ അഞ്ച് ആകാശ പാതകള്‍ നിര്‍മിക്കുകയും ബാക്കിയിടങ്ങളില്‍ റോഡിനിരുവശവും കമ്പിവേലി നിര്‍മിക്കുകയും ചെയ്താല്‍ രാത്രി യാത്രാ വിലക്ക് പിന്‍വലിക്കാനാകുമെന്ന് സുപ്രിംകോടതി നിയോഗിച്ച വിദഗ്ധ സമിതി യോഗത്തില്‍ കേന്ദ്ര റോഡ്‌സ് ആന്‍ഡ് ഹൈവേ മന്ത്രാലയം നിര്‍ദേശംവച്ചു. 500 കോടിയോളം രൂപ ചെലവ് വരുന്നത് ദേശീയപാതാ വിഭാഗവും കേരളവും സംയുക്തമായി വഹിക്കാമെന്ന് നിര്‍ദേശിച്ചു.
കേരള സര്‍ക്കാര്‍ 200 കോടി രൂപ ഇതിനായി ബജറ്റില്‍ നീക്കിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ കേസ് വീണ്ടും സുപ്രിംകോടതി എടുത്തപ്പോള്‍ ഈ പാത പകല്‍ സമയത്തും അടച്ചിട്ട് സംസ്ഥാന പാത 275 വികസിപ്പിച്ച് ദേശീയപാത 766ന് ബദല്‍ പാതയായി ഉപയോഗിച്ചുകൂടെയെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ചോദിച്ചിരിക്കുകയാണ്.
രാത്രിയാത്രാ നിരോധനത്തിനു പുറമെ പകല്‍ നിരോധനം കൂടി ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് വയനാട്ടിലെ ജനങ്ങള്‍. ജനങ്ങളുടെ യാത്രാ അവകാശം സംരക്ഷിക്കാനും വന്യമൃഗങ്ങളുടെ സൈ്വരവിഹാരം ഉറപ്പുവരുത്താനും ബദല്‍ നിര്‍ദേശം കണ്ടെത്തണമെന്നുള്ള കേരളത്തിന്റെ അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയനും വയനാട് എം.പി രാഹുല്‍ ഗാന്ധിയും കേന്ദ്ര മന്ത്രിമാരുമായി പങ്കുവച്ചിട്ടുണ്ട്.
ഇക്കാര്യം അംഗീകരിക്കണമെന്നും നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. വയനാട്ടിലെ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍ തുടങ്ങിയവരും പ്രമേയത്തെ പിന്തുണച്ചു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."