ജീവിതം തകര്‍ത്ത നഗ്നദൃശ്യം; നിയമവഴിയില്‍ സത്യം ജയിച്ചു!
കൊച്ചി: രണ്ടര വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവില്‍ നഗ്നദൃശ്യം പ്രചരിപ്പിച്ചെന്ന കേസില്‍ കൊച്ചി സ്വദേശിയായ വീട്ടമ്മ ശോഭയ്ക്ക് വിജയം. തന്റെ നഗ്നദൃശ്യം താന്‍ തന്നെ പ്രചരിപ്പിച്ചുവെന്ന ഭര്‍ത്താവിന്റെ ആരോപണത്തെ തുടര്‍ന്നാണ് ശോഭ നിയമ പോരാട്ടത്തിന് ഇറങ്ങിയത്.
തന്നോട് മുഖസാദൃശ്യമുള്ള യുവതിയുടെ അശ്ലീല ദൃശ്യങ്ങളുടെ പേരില്‍ ഭര്‍ത്താവ് മൂന്നു മക്കളുടെ മാതാവായ ശോഭയെ വീട്ടില്‍നിന്ന് പുറത്താക്കുകയായിരുന്നു. ശോഭയുടെ ഭര്‍ത്താവും അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരും അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ശോഭയുടെതെന്ന തരത്തില്‍ ദൃശ്യങ്ങളെത്തിയത്. ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് ശോഭ ഭര്‍ത്താവിനോട് കേണപേക്ഷിച്ചിട്ടും അതു വിശ്വസിക്കാന്‍ അയാള്‍ തയാറായില്ല. തുടര്‍ന്ന് ശോഭയെ ഒഴിവാക്കാന്‍ കോടതിയില്‍ വിവാഹമോചന ഹരജിയും നല്‍കി.
രണ്ടര വര്‍ഷക്കാലം മക്കളെ കാണാനോ ബന്ധപ്പെടാനോ ശോഭയ്ക്ക് അനുമതിയില്ലായിരുന്നു. എന്നാല്‍, തന്റെ മക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ ശോഭ നിയമ വഴിയില്‍ സഞ്ചരിക്കാന്‍ തീരുമാനിക്കുയായിരുന്നു. കേസ് അന്വേഷണത്തില്‍ പൊലിസ് ആദ്യം അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് ശോഭ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ സമീപിച്ചു. തുടര്‍ന്ന് ഡി.ജി.പി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങളിലുള്ളത് ശോഭയല്ലെന്ന് തെളിയുകയായിരുന്നു. ശോഭയുമായി സാദൃശ്യം പോലുമില്ലാത്ത സ്ത്രീയാണ് വിഡിയോയില്‍ ഉള്ളതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സൈബര്‍ ഫോറന്‍സിക് കേസുകളില്‍ ഏത് അന്വേഷണ ഏജന്‍സിക്കും അന്തിമ വാക്കാണ് സിഡാക്കിന്റേത്. അതേസമയം, ശോഭയുടെ പേരില്‍ അശ്ലീല ക്ലിപ് അയച്ചത് ആരെന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."