ടിക് ടോക് ചലഞ്ചിനെതിരേ മുന്നറിയിപ്പുമായി പൊലിസ്
കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ താരം ചലഞ്ചുകളാണ്. ഐസ് ബക്കറ്റ് ചലഞ്ച്, റൈസ് ചലഞ്ച്, ഫോട്ടോ ചലഞ്ച്, ഫിറ്റ്‌നസ് ചലഞ്ച് തുടങ്ങിയവ നവമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നതാണ്. എന്നാല്‍ ഇപ്പോള്‍ തരംഗം ടിക് ടോക്, മ്യൂസിക്കലി എന്നീ ആപ്ലിക്കേഷനുകള്‍ വഴിയുള്ള ചലഞ്ചുകളാണ്. ഇത് ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളെ പറ്റിയാണ് കേരള പൊലിസ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. മലയാള സിനിമാഗാനമായ 'നില്ല് നില്ല് നീ എന്റെ നീലക്കുയിലെ' എന്നുതുടങ്ങുന്ന ഗാനം പിന്നണിയില്‍ ഇട്ട് പച്ചിലകള്‍ കൈയില്‍ പിടിച്ച് ഓടുന്ന വാഹനങ്ങള്‍ക്കുമുന്‍പിലേക്ക് എടുത്തുചാടി നൃത്തം ചെയ്യുന്നതാണ് ഈ ചലഞ്ച്.
ഇതിനെതിരേയാണ് ഫേസ്ബുക്ക് വിഡിയോയിലുടെ പൊലിസ് മുന്നറിയിപ്പ് നല്‍കുന്നത്. 'സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ അപായകരമായ എന്തും അനുകരിക്കാന്‍ പുതുതലമുറ ആവേശം കാണിക്കുകയാണ്. ഇങ്ങനെ വാഹനത്തിനു മുന്നില്‍ എടുത്തു ചാടുമ്പോള്‍ ബ്രേക്ക് ചെയ്യാന്‍ കഴിയാതെ വരികയോ പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ ആ ഡ്രൈവറുടെ മാനസികാവസ്ഥയെക്കുറിച്ചോ ഇത്തരക്കാര്‍ ചിന്തിക്കുന്നില്ല. വന്‍ദുരന്തങ്ങള്‍ വരുത്തി വയ്ക്കാവുന്ന ഇതു പോലുള്ള തമാശകള്‍ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല'. കേരള പൊലിസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."