സെന്റിനല്‍ ദ്വീപിന് കാവലായി ആയുധധാരികള്‍
പോര്‍ട്ട് ബ്ലെയര്‍: ഇന്ത്യന്‍ ദ്വീപ് സമൂഹമായ ആന്തമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യു.എസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള വഴികള്‍ അടയുന്നു. മൃതദേഹം വീണ്ടെടുക്കാനായി ബോട്ടില്‍ പുറപ്പെട്ട പൊലിസ് സംഘം ഉത്തര സെന്റിനല്‍ ദ്വീപിന് ഏതാനും മീറ്ററുകള്‍ അകലെ എത്തിയെങ്കിലും ദൗത്യമുപേക്ഷിച്ചു പിന്മാറിയിരിക്കുകയാണ്.
ദ്വീപിലേക്കു കടക്കാനൊരുങ്ങുന്ന പൊലിസ് സംഘത്തെ ഗോത്രവര്‍ഗക്കാര്‍ ആയുധങ്ങളുമായി നേരിടാനൊരുങ്ങുകയാണ്. ഇതേ തുടര്‍ന്നാണ് ദൗത്യം തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചിരിക്കുന്നത്. പൊലിസ് സംഘം അലന്‍ ചൗവിനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട ഉത്തര സെന്റിനല്‍ ദ്വീപില്‍നിന്ന് ഏകദേശം 400 മീറ്റര്‍ അടുത്തെത്തിയിട്ടുണ്ട്. ഇവിടെനിന്നു ബൈനോക്കുലര്‍ ഉപയോഗിച്ചു നിരീക്ഷണം നടത്തിയപ്പോഴാണ് അമ്പും വില്ലുമായി ദ്വീപിന്റെ തീരത്തു നില്‍ക്കുന്ന നിരവധി ഗോത്രവര്‍ഗക്കാരെ കണ്ടത്. അക്രമാസക്തരായ നിലയിലായിരുന്നു ഇവര്‍. ഇതോടെ അപകടസാധ്യത മുന്‍കൂട്ടിക്കണ്ടു ബോട്ട് മടങ്ങുകയായിരുന്നു.
അതിനിടെ, ചൗവിന്റെ മൃതദേഹം ഒരിക്കലും വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നു നിയമവിദഗ്ധരും സൂചിപ്പിക്കുന്നു. ഗോത്രവര്‍ഗക്കാര്‍ക്കെതിരേ നിയമപരമായി നീങ്ങാന്‍ വഴിയില്ലാത്തതാണ് ഇത്തരത്തിലുള്ള നീക്കത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നത്. ലോകത്തെ ഏറ്റവും സംരക്ഷിത വിഭാഗങ്ങളിലൊന്നാണ് സെന്റിനലി ഗോത്രക്കാര്‍. ഇവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്താന്‍ നിയമം വഴി സാധിക്കില്ലെന്നാണ് രാജ്യാന്തര നിയമവിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ 17നാണ് അലന്‍ ചൗവിന്റെ മരണം പൊതുശ്രദ്ധയിലെത്തുന്നത്.
ഗോത്രക്കാര്‍ക്കിടയിലേക്കു ചൗ അതിക്രമിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികളാണ് അലനെ ഗോത്രവര്‍ഗക്കാര്‍ അമ്പെയ്തു കൊല്ലുന്നതു കണ്ടതും വാര്‍ത്ത പുറത്തുവിട്ടതും. ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ പല തരത്തിലുള്ള നീക്കങ്ങളുണ്ടായെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. തേങ്ങയും ഇരുമ്പും സമ്മാനമായി നല്‍കി ഇവരെ അനുനയിപ്പിക്കാനും നീക്കമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."