നബി മുത്തു രത്‌നമോ...
മനുഷ്യന്റെ ബോധനില ഉയരുന്നത് ക്രമപ്രകാരമാണെന്നും അത് വളരുന്നത് പരിണാമത്തിലൂടെയാണെന്നും സൂഫി ശൈഖ് ഹസ്‌റത്ത് ഇനായത്ത് ഖാന്‍ തന്റെ ഗ്രന്ഥത്തിലൊരിടത്ത് പറയുന്നുണ്ട്. അതിങ്ങനെയാണ്:
ദൈവം കല്ലില്‍ ഉറങ്ങി
വൃക്ഷത്തില്‍ സ്വപ്നം കണ്ടു
മൃഗത്തില്‍ ഉണര്‍ന്നു
മനുഷ്യനില്‍ സാക്ഷാത്കാരം നേടി
ഈ പ്രസ്താവത്തെ ഒരു മനുഷ്യന്റെ ബോധാവസ്ഥയിലെ പരിണാമങ്ങളായും കാണാവുന്നതാണ്. കല്ലില്‍ ഉറങ്ങി എന്നതിനെ ചെറുപ്പകാലത്തെയും വൃക്ഷം എന്നത് ബാല്യകാലത്തേയും മൃഗമെന്നത് യൗവനാവസ്ഥയേയും മനുഷ്യകാലത്തെ സാക്ഷാത്കാര അവസ്ഥയായും കണക്കാക്കാവുന്നതാണ്. അതിനപ്പുറമാണ് പ്രവാചകാവസ്ഥ. അത് യുഗങ്ങളോളം നീളുന്നതും ആണ്.
പ്രവാചകനിലൂടെ കടന്നുപോയ പരിണാമത്തെ പഠിക്കുമ്പോഴും ഈ ഘട്ടങ്ങള്‍ കാണാവുന്നതാണ്. ചെറുപ്പകാലത്തെ യാതനകളും പീഡനാവസ്ഥയും യൗവനത്തിലെ യാത്രാനുഭവങ്ങളും പലായനവും നാല്‍പ്പതു കഴിഞ്ഞുളള ബോധവികാസാവസ്ഥയും തുടര്‍ന്നുളള കാലത്തെ തിന്മകളുടെ മേലും അവഗണയുടെ മേലും ലഭിച്ച വിജയവും അതുവരെ മറ്റു പ്രവാാചകന്മാര്‍ക്ക് ലഭ്യമാകാത്തത്ര പ്രസിദ്ധിയും പ്രവാചകന്മാരുടെ പ്രഭുവാകാനുണ്ടായ ദൈവേച്ഛയും മുഹമ്മദ് ബിന്‍ അബ്ദുല്ലയെ പ്രശസ്തനാക്കി. ഭൗതിക ഘടകങ്ങളില്‍നിന്ന് പ്രവാചകനെ മാറ്റിനിര്‍ത്തിയത് സ്വതന്ത്ര സവിശേഷതയായിരുന്നു. അതിലെ ആത്മീയത ഗൗരവവും അതുവരെ തുടര്‍ന്നുപോന്നിരുന്ന വ്യവസ്ഥാപിതമാര്‍ഗങ്ങളെ ഉല്ലംഘിക്കുന്നതും ആയിരുന്നു. ഒരു വഴിയുണ്ടാക്കുമ്പോള്‍ അത് ശുദ്ധമാക്കേണ്ടതുണ്ട്. അത് സൂക്ഷിച്ചു ചെയ്യുകയും വേണം. മുള്ളുകളുള്ള വഴിയില്‍ നിന്ന് അതെല്ലാമെടുത്ത് മാറ്റി പൂക്കള്‍ വിതറുക എളുപ്പമുള്ള കാര്യമല്ല. മുള്ളുകള്‍ നോവിച്ച കാലടികളില്‍ പൂക്കളുടെ സ്പര്‍ശം അത്രപെട്ടെന്ന് സ്വാധീനിക്കില്ല. പൂസ്പര്‍ശത്തില്‍നിന്ന് മുള്ളുകളിലേക്ക് നടക്കുമ്പോഴാവട്ടെ, കാലുകള്‍ക്ക് വേദന ഉണ്ടാവുകയും ചെയ്യും. വഴിയിലെ മുള്ളുകള്‍ മാറ്റി ആ വഴിയില്‍ത്തന്നെ മറ്റൊന്നു നിര്‍മിക്കുക അക്കാലത്ത് സാധ്യമായത് പ്രവാചകന് ഈമാന്‍ എന്ന ദൃഢത ഉണ്ടായതുകൊണ്ടാണ്. അന്ത്യംവരെ അതു ബലപ്പെടുകയും ചെയ്തു. പൂര്‍ണ്ണത കൈവരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത് അക്കാരണത്താലാണ്. തലയ്ക്കുമേലെ അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകളുടെ വെളിച്ചം ഉണ്ടായിരുന്നതും മുഖ്യകാരണമായി ഉണ്ട്. അനീതിക്കെതിരെ പടവാളെടുക്കാന്‍ ആ മഹാസൃഷ്ടിക്ക് കഴിഞ്ഞതും മറ്റൊന്നുംകൊണ്ടല്ല.
സത്യത്തിന് കാഴ്ചയുണ്ട് എന്നും ആ കാഴ്ചയ്ക്ക് പിന്നിലായി ഇലാഹ് ഉണ്ട് എന്നും അത് പ്രിയപ്പെട്ടവരെ യഥേഷ്ടം സഹായിക്കുന്നതാണെന്നും ഉള്ള അറിവിനുമേല്‍ മനുഷ്യനായി ജനിച്ച ആര്‍ക്കും വരാവുന്ന ദീനങ്ങളും നഷ്ടങ്ങളും യാതനകളും കൂടിച്ചേര്‍ന്നതാണ് ജീവിതമെന്നും പ്രവാചകന് ബോധ്യമുണ്ടായിരുന്നു. അത് മാറ്റാനുളള ധൈര്യവും ത്രാണിയും ലഭ്യമായത് അനിഷേധ്യതയുടെ ബലം കൊണ്ടാണ്. ഏത് ആപല്‍ഘട്ടങ്ങളേയും നെഞ്ചുറപ്പോടെ നേരിടാന്‍ പ്രാപ്തമാക്കിയ മനക്കരുത്ത് അദ്ദേഹത്തിന് ജന്മസിദ്ധമായിരുന്നു.
മനുഷ്യനായി ജനിച്ച അതിനു മുന്‍പുളളവരും ശേഷമുളളവരും കാണാതിരുന്ന ഏകതാനത ഇസ്‌ലാമിനെ പ്രപഞ്ചദോഷങ്ങളെ നശിപ്പിക്കുന്ന വിശ്വാസമാക്കി മാറ്റി. അല്ലാഹുവും മലക്കുകളും നബിയോട് കരുണ കാണിച്ചു. സത്യവിശ്വാസികളോട് അദ്ദേഹത്തിനുമേല്‍ അല്ലാഹുവിന്റെ കാരുണയും ശാന്തതയുമുണ്ടാകാനായി പ്രാര്‍ഥിക്കാന്‍ പറഞ്ഞു. (35: 56 -57) ഇത്തരത്തിലൊരു ആത്മബന്ധം സ്രഷ്ടാവുമായി ഉണ്ടായതുകൊണ്ട് അല്ലാഹുവിന്റെ ഏതനുഗ്രഹവും ഇച്ഛ നടപ്പാക്കാനുളള അധികാരവും പ്രവാചകനു ലഭ്യമായി. അടുത്തുനിന്നും അകലത്തുനിന്നും പ്രവാചകനെ വീക്ഷിക്കുമ്പോള്‍ ഭ്രമത്തില്‍ നിന്നും നിന്ദനത്തില്‍നിന്നും മനുഷ്യനെ മാറ്റിനിര്‍ത്തുന്നതും ശുദ്ധമായ വാക്കും പൊരുളും സമര്‍പ്പിക്കുന്നതുമായ ഒരു രീതി പ്രവാചകനില്‍ ദര്‍ശിക്കാവുന്നതാണ്.
കാലം എന്നൊന്നുണ്ടോ? എന്ന ചോദ്യം കാലത്തിനകത്തുനിന്നുകൊണ്ടുതന്നെ ചോദിക്കുമ്പോള്‍ ഉത്തരമായി വരുന്നത് അറിയില്ല എന്നാണ്. മനുഷ്യനാണ് കാലത്തെ തരംതിരിച്ച് ചിട്ടപ്പെടുത്തി നാഴികകളും ദിനങ്ങളും മാസങ്ങളും വര്‍ഷങ്ങളുമാക്കി സൗകര്യപ്പെടുത്തിയത്. മനുഷ്യനൊഴികെ മറ്റൊരു ജീവിക്കും കാലമില്ല. അതനുസരിച്ച് ജീവിക്കുന്നുമില്ല. ജനനമരണ പ്രക്രിയയില്‍ കണക്കുകളില്ലാത്തതാണ് മനുഷ്യനൊഴികെയുള്ള ജീവികള്‍. പ്രപഞ്ചത്തിനും ഇല്ല, അതിനാലാണ് കാലമെന്ന അവസ്ഥയെ പ്രവാചകന്‍ അതിജീവിച്ചു എന്നുപറയുന്നത്. കാലാതീതന്‍ എന്നും. കാലം തന്നെയാണ് സത്യം (103:1) എന്ന ഖുര്‍ആന്‍ വാക്യം മനുഷ്യന്‍ കൊണ്ടുനടക്കുന്ന സമയവുമായി ബന്ധമില്ല.
സങ്കല്‍പ്പവുമായും കൂട്ടിക്കെട്ടിക്കൂട. ഓരോരാളുടേയും സങ്കല്‍പ്പത്തിനും ബോധാവസ്ഥക്കും അനുസരിച്ചാണ് കാലം കാത്തുനില്‍ക്കുന്നത്. പ്രവാചകനിലത് നിശ്ചലത കൈവരിക്കുന്നു. മരണത്തോളം തന്നെ പ്രാധാന്യമുളളതാണ് നിശ്ചലാവസ്ഥ. പ്രവാചകനിലെ അവസ്ഥാമാറ്റങ്ങളെ കൂടുതല്‍ പഠിക്കാനും മനസിലാക്കാനും നീണ്ടകാലംതന്നെ ആവശ്യമുണ്ട്. അത് ജ്ഞാനികള്‍ക്ക് വിടുന്നു. ഗുഹാ നിവാസികളായവര്‍ക്ക് കാലം തെറിച്ചുപോയ സന്ദര്‍ഭം ഖുര്‍ആനിലെ 18-ാം അധ്യായത്തിലെ ഒന്‍പതാം മുതല്‍ ആരംഭിക്കുന്ന സൂക്തങ്ങളിലുണ്ട്.
സത്യത്തെ മതില്‍വരമ്പില്ലാതെ ദര്‍ശിച്ച നാരായണഗുരു, നബി മുത്തു രത്‌നമോ എന്ന് സംബോധന ചെയ്തത് പ്രവാചകനെ കുത്തുവാക്കുകള്‍കൊണ്ട് അവഹേളിച്ചപ്പോഴായിരുന്നു. ആ നോവ് ആത്മാര്‍ഥവുമായിരുന്നു. ജീവിച്ചിരിക്കുമ്പോഴും അതിനുശേഷവും അവഹേളനങ്ങള്‍ നേരിട്ട നബി ഇന്നും അജയ്യനായി വര്‍ത്തിക്കുന്നത് അനുയായികളുടെ സഹനങ്ങളോ, സഹിഷ്ണുതയോകൊണ്ടല്ല, പവിത്രമായ ദൈവത്തില്‍നിന്ന് മനുഷ്യരിലേക്ക് ആ മഹാത്മാവ് നടത്തിയ പകര്‍ന്നാട്ട ഫലമായാണ്. മനുഷ്യരോട് ചേര്‍ന്ന് നിന്ന് വികസിച്ച ഒരാശയം അസഹിഷ്ണുതയും തീവ്രവാദവും തോക്കുചൂണ്ടലിനേയും അതിജീവിക്കുമന്നതിന് തെളിവായി റസൂല്‍ ഇന്നും ഓര്‍മിക്കപ്പെടുന്നു. മനുഷ്യനാണ് ചരിത്രത്തെ രൂപപ്പെടുത്തുന്നത്. തുടര്‍ച്ചയും അവനില്‍ നിക്ഷിപ്തം. ചരിത്രം ഒപ്പം കൊണ്ടുനടന്ന മഹാ വ്യക്തിത്വമാണ് മുഹമ്മദ് ബിന്‍ അബ്ദുല്ല എന്ന പ്രവാചകന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."