അയോധ്യയില്‍ സുരക്ഷ തുടരുന്നു; 4000 സി.ആര്‍.പി.എഫ് ഭടന്മാരെ വിന്യസിച്ചു,72 പേര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ വിധി വന്ന സാഹചര്യത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി. സാമൂഹ്യമാധ്യമങ്ങള്‍ മത സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയ 72 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അധികമായി 4000 സി.ആര്‍.പി.എഫ് ഭടന്മാരെ നിയോഗിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ മത സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടുന്നവരെ പൊലിസ് പ്രത്യേകം നിരീക്ഷിച്ചു വരികയയാണ്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത തല യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അതിനിടെ അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ് വന്നിട്ടുണ്ട്.
വിദ്വേഷം പ്രചരിപ്പിച്ച് സമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ഡല്‍ഹി പൊലിസ് വ്യക്തമാക്കി. അയോധ്യ കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ളവരുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇസെഡ് കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് നല്‍കുന്നത്.
ജമ്മു കശ്മീരില്‍ നിരോധനാജ്ഞ തുടരുകയാണ്. മുംബൈയും ബംഗളൂരുവും കനത്ത ജാഗ്രതയിലാണ്. രാജസ്ഥാനിലെ അജ്മീറില്‍ വിഛേദിച്ച ഇന്റര്‍നെറ്റ് സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."