കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വഴിയാത്രക്കാരനു ഗുരുതര പരുക്ക്
മട്ടന്നൂര്‍: വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വഴിയാത്രക്കാരന് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മട്ടന്നൂര്‍ വെള്ളിയാംപറമ്പ് സ്വദേശി പി.പി ഗോപാലനെ(70) മംഗളുരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടു കൂടി മട്ടന്നൂര്‍ ഇരിക്കൂര്‍ റോഡില്‍ അപ്പൂസ് കൂള്‍ബാര്‍ പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിന്റെ ഫുഡ്പാത്തിലേക്ക് തള്ളിനില്ക്കുന്ന സണ്‍ഷെയ്ഡാണ് തകര്‍ന്നു വീണത്. ലോട്ടറി വില്‍പ്പനക്കാരനായ ഗോപാലന് ബസ് കയറുന്നതിനുവേണ്ടി നടന്നു പോകുമ്പോഴാണ് അപകടം. ഉടന്‍ തന്നെ ഗോപാലനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കാലിന്റെ പരുക്ക് ഗുരുതരമായതിനെത്തുടര്‍ന്നാണ് മംഗളുരുവിലേക്ക് കൊണ്ടുപോയത്. അപകടത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ അകത്തു പെട്ടുപോയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. കാലപ്പഴക്കം കൊണ്ട് കെട്ടിടം അപകടാവസ്ഥയിലാണെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ അടച്ചു പൂട്ടാന്‍ നഗരസഭ നോട്ടിസ് നല്‍കുമെന്നും നഗരസഭാധികൃതര്‍ അറിയിച്ചു. കോളജ് വിടുന്ന സമയത്തല്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കെട്ടിടത്തിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്ത ഒരു മോട്ടോര്‍ ബൈക്കും തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."