രാജ്യം ജാഗ്രതയില്‍
ന്യൂഡല്‍ഹി: ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യം കനത്ത ജാഗ്രതയില്‍. വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റുകള്‍ റദ്ദാക്കി. ആഗ്രയിലും അലിഗഡിലും ഇന്നലെ രാവിലെ ആറുമുതല്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതായി ഡിവിഷനല്‍ കമ്മിഷണര്‍ അറിയിച്ചു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളും റദ്ദാക്കിയിട്ടുണ്ട്. സമാനമായി രാജസ്ഥാനിലെ ജയ്പൂര്‍, ആല്‍വാര്‍, സികാര്‍ ദൗസ എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ 10 മുതല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.
സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയെന്നും വാട്‌സ്ആപ്പ് പരിശോധിക്കുന്നുണ്ടെന്നും ജെയ്പൂര്‍ പൊലിസ് കമ്മിഷണര്‍ ആനന്ദ് ശ്രീവാസ്തവ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ മീറത്ത്, സഹാറന്‍പൂര്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 31 ജില്ലകളില്‍ പ്രശ്‌നസാധ്യതയുണ്ടെന്നും ഇവിടങ്ങളില്‍ സൂക്ഷ്മ നിരീക്ഷണങ്ങള്‍ നടത്തുകയാണെന്നും ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി സിങ് പറഞ്ഞു. 673 പേര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെ ഏതു ഭാഗത്തും ഇന്റര്‍നെറ്റുകള്‍ റദ്ദാക്കിയേക്കാം. നിയന്ത്രണങ്ങള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതിനുശേഷമെ പിന്‍വലിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, അയോധ്യയിലെ സുരക്ഷ ശക്തിപ്പെടുത്താനായി 4,000 സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചു. നേരത്തെ 12,000 പൊലിസുകാരെ പ്രദേശത്ത് നിയോഗിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി അയോധ്യ നാലായി വിഭജിച്ചിരിക്കുകയാണ്. കേന്ദ്ര സേനയും സംസ്ഥാന പൊലിസുമാണ് സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ അയോധ്യയിലും ലഖ്‌നൗവിലും എത്തിച്ചേരാനായി രണ്ടു ഹെലികോപ്റ്ററുകള്‍ തയാറാക്കി. പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്താനും സുരക്ഷയുടെ ഭാഗമായും സംസ്ഥാനത്ത് 16,000 വളണ്ടിയര്‍മാരെ നിയോഗിച്ചിരുന്നു.
സൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്താന്‍ മുംബൈ പൊലിസ് ജനങ്ങളോട് ആവശ്യപ്പെട്ടു. 1992 ഡിസംബറില്‍ ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് പിന്നാലെ മുംബൈയിലുണ്ടായ കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചുകൂടുന്നത് നിരോധിച്ച് ഗോവ സര്‍ക്കാര്‍ ഉത്തരവിറക്കി. പടക്കങ്ങള്‍, ആയുധങ്ങള്‍, ലൗഡ് സ്പീക്കര്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു. സമാനമായ ഉത്തരവ് മഹാരാഷ്ട്രയിലെ പെല്‍ഗാര്‍ ജില്ലയിലും പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."